29 Sept 2013

മാവുകള്‍



ഇതെന്റെ 
മുത്തപ്പന്‍ നട്ട മാവ്. 

ഇത് മുത്തപ്പന്‍ നട്ടമരത്തിന്റെ 
മാങ്ങയീമ്പിത്തിന്ന് 
ആ വിത്ത് നട്ട,് മുളപ്പിച്ച് 
അപ്പന്‍ നട്ട മാവ്. 

ഇത് അപ്പന്‍ നട്ടമാവിന്റെ മധുരമീമ്പി 
വിത്തു മുളപ്പിച്ച് ഞാന്‍ നട്ട മരം . 

ഇതു ഞാന്‍ നട്ട മാവിന്റെ 
മാങ്ങ തിന്ന് വിത്തു നട്ട് 
എന്റെ മോന്‍ നടാനിരിക്കുന്ന,
മോന്റെ മോന്‍ 
മാങ്ങിപറി-
ച്ചീമ്പിത്തിന്നാനിരിക്കുന്ന മരം...

വിശ്രാന്തി



1

ഉറുമ്പുകള്‍ ദേഹ-
മരിപ്പതും നോക്കി-
യിരിപ്പു ഞാനെന്റെ 
ശവകുടീരത്തില്‍...


2

ഇലയടരലി
ന്നനക്കം, 
ഒച്ചകള്‍ 
പെറുക്കി വെയ്ക്കയാ-
മൊരു മുത്തശ്ശിക്കാ
റ്റുടുതുണിക്കുത്തില്‍...


27 Sept 2013

പ്രശ്‌നം



കൂരിരിട്ട്.. 
ഒന്നും കാണാന്‍ വയ്യ. 
ഒന്നാമന്‍ അതില്‍ വെള്ളത്തിലിട്ട 
ഉപ്പിന്‍ കട്ടപോലെ 
അലിഞ്ഞലിഞ്ഞോണ്ടു കിടന്നു. 
രണ്ടാമന്‍ എങ്ങനെയോ 
ഒന്നാമന്റെ ദയനീയസ്ഥിതിയുള്ളറിഞ്ഞോടി വന്ന് 
ഒരു നെയ് വിളക്കവിടെ കത്തിച്ചു വെച്ചു. 
ചുറ്റും നല്ല തെളിച്ചമായി. 

ഒന്നാമന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. 
അഴുക്ക,് ചേറ്, ചെളി, കുപ്പ,
ചത്തളിഞ്ഞവര്‍, 
ഭീകര രൂപികള്‍...
ചരിത്രം,
 കോണ്‍സന്‍ട്രേന്‍ക്യാമ്പുകള്‍, 
തെരുവുകള്‍ ,
ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോഡിവരേയും 
സായ്ബാബ മുതല്‍ 
മാതാ അമൃതാന്ദമയിവരേയും ഉള്ള 
പലതരം പ്രജാപതിമാരുടെ 
കാക്കത്തീട്ടം തൂവി കേലയൊലിക്കുന്ന കട്ടൗട്ടുകള്‍... 
ബലാല്‍സംഗങ്ങള്‍,,,
അവശിഷ്ടങ്ങള്‍.. അവശിഷ്ടങ്ങള്‍...
അത്രഭീകരമായ ഒരു ലോകം...

അത്രേം നേരേം 
ഇച്ചിരി വെടക്കുമണമുണ്ടായിരുന്നത് 
സ്വന്തം ആത്മാവിന്റെതെന്നു ക്ഷമിച്ച് 
മനസ്സമാധാനംകൊണ്ട് കിടപ്പായിരുന്ന ഒന്നാമന്‍
അലറിവിളിച്ചോണ്ട് ടപ്പേന്ന് കണ്ണുകൊട്ടിയടച്ചു...

രണ്ടാമന്‍ ചെയ്തത് ശരിയോ തെറ്റോ? 
അതാണു ചോദ്യം. 

അടയിരിക്കുകയില്ലേ?... 
ഒരുത്തരം കണ്ടു വെയ്ക്കു. 
അപ്പഴേയ്ക്കും  ഒന്നു ചുറ്റിപ്പറന്നു വരാം...

കുന്നിറക്കം




ഞാനൊരു കൂറ്റന്‍ നിഴലും 
തോളില്‍പ്പേറി 
കുന്നില്‍ചെരിവില്‍.
വഴുക്കില്‍
ത്തെന്നിത്തെന്നി നടപ്പൂ
മങ്ങിയ പകലിന്നായു-
സ്സല്‍പം മാത്രം ബാക്കി.

ഓടക്കുഴല്‍



ജീവിതം പറയാന്‍ 
മറക്കുന്ന വാക്കുകള്‍
മടിക്കുന്ന വാക്കുകള്‍ 
പറയുവാനാവാത്ത സങ്കടം 
വെയിലുമൂത്തപ്പോള്‍ 
മങ്ങിമയഞ്ഞ 
പുലര്‍കാലസൗരഭം 
പൂനിലാപൊയ്കയില്‍ 
കാറ്റുതട്ടുംസ്വരം 
കാടിന്ന്, പുഴകള്‍ക്ക്
കുന്നിന്നാകാശത്തിന് 
പറയുവാനുള്ളത്, 
ഏകാന്തതയ്ക്കു 
പറയുവാനുള്ളത,് 
ജീവിതമെന്തെന്ന
ചോദ്യത്തിനുത്തരം,
മരണത്തിന്നപ്പുറ
മെന്തന്നദര്‍ശനം, 
വാക്കൊന്നു മില്ലാതെ 
പാടുന്നു, പറയുന്നു
ചൗരസ്യ ചുണ്ടോടു
ചേര്‍ക്കുമോടക്കുഴല്‍.

22 Sept 2013

്‌ദൈവത്തോട് മിണ്ടാന്‍



നിനക്ക് ദൈവത്തോട് മിണ്ടാനറിയ്യോ റോസ്?
ദൈവത്തിന്റെ ഭാഷ വളരെ സരളം,
ഏതൊച്ചകൊണ്ടും അതുണ്ടാക്കപ്പെടും, 
ചില ചിത്രവരയന്മാര്‍ ഏതു നിറച്ചാറുകൊണ്ടും 
എവിടേം ചിത്രം വരയ്ക്കില്ലേ അതുപോലെ..

ഒരിക്കല്‍ ഡസ്‌ക്കില്‍ നിന്ന് താഴേയ്ക്കു തട്ടിവീണ 
സ്റ്റീല്‍പ്ലെയിറ്റിന്റെ ഒച്ചയിലൂടെ 
ദൈവം ആദ്യമായെന്നോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു. 
കുറച്ചുനേരം അതെനിക്കു മനസ്സിലായില്ല. 
അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപോലെയോ 
കൊടുങ്കാറ്റ് വലിയ കടല്‍ത്തിരയെയെടുത്ത് 
എന്റെ കപ്പലിന്റെ ചുവര്‍പ്പലകയില്‍ വീശിയടിച്ചപോലെയോ 
എനിക്കു തോന്നി. 
പിന്നെ മൂകതയും ശബ്ദവും ഒരുമിച്ച് 
സംഭവിക്കുന്നതായിത്തോന്നി. 
കേള്‍ക്കുന്നു കേള്‍ക്കുന്നില്ല എന്ന അവസ്ഥ...
പിന്നെ മനസ്സിലായി ദൈവം മൂകനാണെന്നപോലെ 
വാചാലനുമാണെന്ന്...
എപ്പഴും തൊള്ളയടക്കാതെ ചറപറാപറയുന്ന 
ഒരു നഴ്‌സറിക്കുഞ്ഞിനെപ്പോലെയും ആണെന്ന്.. 

ഒരിക്കല്‍ നീയും അതു കേള്‍ക്കണം റോസ്, 
ഏതു ഞരക്കത്തിലും നീയിനി കാതമര്‍ത്തിപ്പിടിക്കണം.
ഒരു മടുപ്പന്‍ കോട്ടുവായൊച്ചയില്‍പ്പോലും
നീയിനിയതു പ്രതീക്ഷിക്കണം..


16 Sept 2013

ഉമ്മയളുക്ക്



ഒരു പ്രണയിയാകുന്നതിന് മുമ്പ്
പല മാസ്റ്റര്‍മാര്‌ടെ അടുത്തും പോയി 
ഉമ്മ വെയ്ക്കല്‍ പഠിക്കണം.. 
മേഘങ്ങള്‍ ഉമ്മവെയ്ക്കുന്നത്, 
ആണ്‍പക്ഷീം പെണ്‍പക്ഷീം ഉമ്മവെയ്കുന്നത്, 
പക്ഷികളില്‍ത്തന്നെ കാക്കേം കാക്കേം 
കുയിലും കുയിലും 
കുരുവീം കുരുവീം ഉമ്മവെയ്ക്കുന്നത് .
 പൂമ്പാറ്റ പൂവിനെ ഉമ്മവെയ്ക്കുന്നത് 
കാല്‍പ്പാദങ്ങള്‍യാത്രക്കാരനറിയാതെ 
പാതയെ ഉമ്മവെയ്ക്കുന്നത്...

പ്രണയത്തിന്റെ ഉമ്മകള്‍ക്ക് 
സ്ഥിരമായ അസ്ഥിത്വമി#െല്ല 
ആകാശപ്പറവകള്‍ക്ക് 
സ്ഥിരം വാസസ്ഥാനമില്ലാത്തതുപോലെ. 
നെറ്റിയില്‍ത്തൊട്ട ഉമ്മകള്‍
 പ്രാണഞരമ്പുകളിലൂടെ 
രക്തത്തിലലിഞ്ഞ് കടലോളമൊഴുകും.

മൂര്‍ദ്ദാവില്‍പ്പതിച്ച ഏതുമ്മയ്ക്കും
നൂറുവയസ്സില്‍ മരിച്ച ചാച്ചന്റെ മണം. 
കണ്ണില്‍ത്തൊട്ട ഉമ്മ 
എന്റെ ഒന്നാംക്ലാസ് കാമുകിയുടെ.
 അവളിസ്‌ക്കൂളിലെത്തിയാല്‍ എന്നും 
എന്റെ പിന്‍മുറ്റത്തേയ്ക്കു വിളിച്ചോണ്ടുപോയി 
പുളിവെണ്ടപ്പൊതിയ്‌ക്കൊപ്പം 
ആദ്യം ഇടത്തുകണ്ണില്‍ ഒരുമ്മയും
പിന്നെ പെണങ്ങണ്ടെയെന്ന്
വലത്തുകണ്ണില്‍ ഒരുമ്മയും തന്നു പോന്നു. 

ഒറ്റയുമ്മകൊണ്ട് 
എന്റെ വിശപ്പും ക്ഷീണവും മാറീട്ടുണ്ട്. 
ഒറ്റയുമ്മകൊണ്ട് ഞാന്‍
ധനവാനെക്കാള്‍ ധനികനായി, 
എല്ലാകടവും വീട്ടി.  
യോഗിയക്കാള്‍ ശാന്തനായി , മുക്തനായി.
വിപ്ലവകാരിയെക്കാള്‍ ഉത്സാഹിയായി.
ഒരിക്കലൊരുമ്മമധുരം കൊണ്ട് ..

അമ്മയോര്‍മ്മക്കരച്ചിലുമാറ്റാനുള്ള സാരല്ല്യേയുമ്മകള്‍,
പുട്ടുകറിയൊന്നാംതരമായതിനോ 
കോലായടിച്ചുതുടച്ച് കണ്ണാടിമിനുപ്പാക്കിയതിനോ ഉള്ള
അനുമോദനയുമ്മകള്‍,
ദുഖത്തിന്, പ്രതിഷേധത്തിന,് പിണക്കത്തിന്, 
വിയോജിപ്പിന,് പോരാട്ടത്തിന്, പ്രതീക്ഷയ്ക്ക,് സ്വപ്നത്തിന്  
ഒക്കെപറ്റുന്ന എത്ര ജാതിയുമ്മകള്‍
എന്റോളുടെ ഇടനെഞ്ചിന്‍
ഇച്ചിരിപ്പോന്നൊരളുക്കുകൊട്ടയില്‍!


15 Sept 2013

അത്രമാത്രം



അല്ലയോ മാലൂംക്യ പുത്താ, 
ഒരാള്‍ അമ്പേറ്റ് ചോരവാര്‍ന്ന് കിടക്കുന്നു. 
നിങ്ങളയാളെ രക്ഷിക്കാന്‍ ഓടിച്ചെല്ലുന്നു. 
അയാള്‍ നിങ്ങളോട് 
ആരെന്നെ അമ്പയച്ചു 
ആ അമ്പെവിടെ ഏതു കാരണം കൊണ്ടയാള്‍ 
എനിക്കു നേരെ അമ്പയച്ചു ?,
ആ ആളെവിടെ?, 
അതൊക്കെ കണ്ടുപിടിക്കൂ, 
എന്നിട്ടു മാത്രം മതി എന്നെ പരിചരിക്കുന്നത് 
എന്നു പറയുന്നുവെങ്കില്‍ എന്തു സംഭവിക്കും...

നിങ്ങളും അതുതന്നെ ചെയ്യുന്നു. 
എന്റെയാത്മാവിന്റെയും
ജന്മത്തിന്റെയും കാരണമെന്ത് ?
അതിന്റെ ഇന്നലെകളെന്ത് ?
അതെങ്ങോട്ടും പോകുന്നു ?
അതെവിടെയെത്തിച്ചേരും? 
അതൊക്കെ വിശദീകരിച്ചുട്ടു മതി 
എന്നെ ചികിത്സിക്കുന്നത് എന്നു പറയുമ്പോള്‍. 

ബോധിസത്വനോ അതിനൊന്നും ഉത്തരമില്ല. 
ബോധി സത്വന്‍ ഒരു നാട്ടുചികിത്സകന്‍. 
ബോധ്യത്തിന്റെ ഇത്തിരിയിലച്ചാറുമുറിവായിലിറ്റിച്ച് 
നിങ്ങളുടെ വേദന കുറയ്ക്കാന്‍ നോക്കുന്നു 
അത്രമാത്രം.


കപ്പിത്താന്‍



കടലില്‍മുങ്ങിയ 
കപ്പലിനുള്ളില്‍
ജലകാളിമയില്‍
കപ്പിത്താനൊരു 
ഭ്രാന്തന്‍സ്വപ്നം 
വാറ്റിയവീഞ്ഞിന്‍
കയ്പന്‍മധുരം 
മുത്തിയിരിപ്പൂ..


13 Sept 2013

Irony



we lost 
silence
 in music...
stillness in dance.
shore in ocean.
 plains in hight
dreams in wake, 
shadows in light.
and  loneliness 
in love...

11 Sept 2013

കോടിജന്മം



വെളുത്താടന്‍കല്ലില്‍ക്കൊട്ടി
യലക്കിലക്കിച്ചുട്ടവെയിലത്തി
ട്ടുണക്കിച്ചിരട്ടക്കനല്‍
ച്ചൂടില്‍ത്തേച്ചെടുത്തുള്ള 
മുണ്ടുപോല്‍ പുനര്‍ജ്ജന്മം 
മണക്കും പുലര്‍കാലം.

9 Sept 2013

വിഷ നാടകം



വീണ്ടുമതുതന്നെ സംഭവിക്കാന്‍ പോകുന്നു. 
ബുദ്ധി ശാലികളും 
സാഹിത്യകാരന്മാരും പാട്ടുകാരും ചിന്തകരും 
രാഷ്ട്രിയപ്രബുദ്ധരും 
ശാസ്ത്രജീവികളും ഒക്കെയായ 
നമ്മുടെ കണ്‍ മുന്നില്‍വെച്ച് 
വീണ്ടുമതു സംഭവിക്കാന്‍ പോകുന്നു. 
അതേ ആഭാസനാടകം. 
ഒരു പാവം സ്ത്രീയെ തുറന്നവേദിയില്‍ വെച്ച് 
മാനഭംഗം ചെയ്യുന്നതുപോലെയും 
ഒരു കുരുവിയെ കൊത്തിക്കീറുന്നപോലെയും 
ഭീകരമായ, 
ഭീരുത്വത്തിന്റെ പൊയ്ക്കാല്‍ നൃത്തം... 

പലന്യായവാദങ്ങളും 
പലവിധം തത്വശാസ്ത്രങ്ങളും 
തര്‍ക്കവിതകര്‍ക്കങ്ങളും
 ഇടിയും മിന്നലും പോലെ. 
ഒരു ചോരമഴയ്ക്കു കൂടി
അരങ്ങൊരുങ്ങിക്കഴിഞ്ഞു..

കുട്ടികള്‍, 
ലോകത്തെങ്ങുമുള്ള കുട്ടികള്‍, 
മനുഷ്യജീവിതമെന്ന നെറികെട്ട അടിപ്പള്ളയില്‍ 
പിറന്നുപോയ കുറ്റം മാത്രം ചെയ്ത 
പാവം കുഞ്ഞുങ്ങള്‍ 
പക്ഷിക്കുഞ്ഞുങ്ങള്‍, 
മുയല്‍ക്കുഞ്ഞുങ്ങള്‍, 
തവളക്കുഞ്ഞുങ്ങള്‍ 
ഒരോലക്കുട പോലും
ചൂടാനില്ലാത്തവര്‍ 
ഒരിക്കല്‍ കൂടെയൊരു തീമഴയില്‍ വെന്ത് 
വിഷമഴയില്‍ പൊള്ളി ചാകാന്‍ പോകുന്നു. 

ടീവി ഓണാക്കൂ 
നാടകം തുടങ്ങാനുള്ള 
അവസാനത്തെ ബെല്‍ മുഴങ്ങിക്കഴിഞ്ഞു..
..

7 Sept 2013

4ശ്യാമബുദ്ധന്‍



കണ്ണുകള്‍ 
തണുപ്പിച്ചു കൊണ്ടു വരൂ 
ഇതളുകള്‍ 
പൊള്ളുന്നുവെന്ന് പൂവുകള്‍. 
കുറച്ചു കൂടി കനമില്ലാത്ത 
കാല്‍ച്ചുവടുകളുമായി വരൂ
എന്ന് വഴികള്‍. 
വിരലുകളഴിച്ചു-  
വെച്ചെന്നെ തൊടൂ 
എന്ന് തളിരിലകള്‍. 
മിണ്ടാന്‍ തുടങ്ങുമ്പോള്‍ 
വാക്കുകളുടെ  
മുള്‍ക്കൂട്ടില്‍പ്പെട്ട മൗനത്തിന്റെ പിടച്ചില്‍!


3ശ്യാമബുദ്ധന്‍



എന്റെയുള്ളില്‍ യുദ്ധമല്ല, 
രാജ്യമില്ല, 
അതിര്‍ത്തിയുമില്ല, 
ശത്രുരാജാവും മിത്രരാജാവുമില്ല. 
കണ്ണുകള്‍ 
എപ്പോഴും ദൂരേയ്ക്കു നീണ്ടു.
ഇടനാഴികള്‍ക്കും വാതിലുകള്‍ക്കും 
വൃക്ഷപ്പടര്‍പ്പുകള്‍ക്കും
അപ്പുറത്തേയ്ക്ക്... 
ആകാശത്തുപോകുന്ന 
പറവയെപ്പോലെ 
അതിര്‍ത്തികളെ 
മുറിച്ചുകടക്കാനാഗ്രഹിച്ചു

സ്വര്‍ണക്കോപ്പയിലെ മരിച്ച ജലം 
എന്റെ ദാഹം മാറ്റുകയില്ല. 
എനിക്കു മഴകളെയും 
പുഴളെയും കുടിക്കണം. 
മുന്നിലോ
ദൈവ കല്‍പനയില്‍ നിന്ന് 
രാജ കല്‍പനയിലേയ്ക്കു 
മാറ്റിയെഴുതപ്പെട്ട
മങ്ങിയ ഒരു ലോകം. 
എനിക്കതു മതിയായില്ല...

ശ്യാമ ബുദ്ധന്‍1



വൃക്ഷത്തണലില്‍ നിന്നു നോക്കുമ്പോള്‍ 
കൂട്ടുകാര്‍ പല കളി കളിക്കുന്നു
ബൊമ്മക്കോലം കെട്ടിക്കളി, 
കുതികള്ളനെപ്പിടുത്തം,
കുറ്റിയും കോലും കളി...
രാജകുമാരന് ഇത്തിരി സന്തോഷം വരുത്താന്‍.
അവന്റെ മണ്ടന്‍മട്ടൊന്നു മാറ്റിയെടുക്കാന്‍.

കളികഴിഞ്ഞാല്‍ ഓരോ കളിക്കാരനും 
രാജകല്‍പ്പന പ്രകാരം 
ഉപഹാരമുണ്ട്.
രാജകുമാരന്‍ മുഷിയാതിരുന്നു കളികണ്ടാല്‍ സമ്മാനം 
രാജകുമാരന്റെ മുഖത്തൊരു
ചിരി വിരിയിക്കാനായാല്‍  പ്രത്യേക സമ്മാനം!

പരിചാരകരുടെയും സ്തുതി പാഠകരുടെയും 
വിദൂഷകന്മാരുടെയും വീടുകളിലെ കുട്ടികള്‍. 
ചെറുപ്പന്നേ സമ്മാനം വാങ്ങിക്കലില്‍ 
 മോഹം പിടിച്ചവര്‍
കളിക്കിടയില്‍ ഇടയ്ക്കിടെ തുള്ളിച്ചാടുകയും 
കൈമാടി വിളിക്കുകയും 
അംഗവസ്ത്രങ്ങള്‍ പൊക്കിക്കാട്ടുകയും 
ചെയ്യുന്നുണ്ട്. 

വിഷാദത്തെ നിലവിളിയാക്കുന്ന 
ആ കോമാളിത്തങ്ങള്‍ നോക്കി 
എത്ര നിന്നിട്ടുണ്ട് ഞാനെന്റെ കുട്ടിക്കാലത്ത്!

ശ്യാമബുദ്ധന്‍2



കളി മുറുകുമ്പോള്‍ 
കളിയുടെ ലക്ഷ്യമൊക്കെ  
മറന്നു പോകും  
യുദ്ധരംഗത്തു നിന്നെന്ന പോലെ 
ആജ്ഞകളും 
ആക്രോശങ്ങളും
വിലാപങ്ങളും ഉയരും 
ചിലപ്പോള്‍ പൊട്ടിച്ചിരികള്‍ 
ചിലപ്പോള്‍ നിലവിളികള്‍...

എല്ലാ കളികളും 
ഒടുവില്‍ യുദ്ധമായ്ത്തീര്‍ന്നു!

5 Sept 2013

നാട്ടുറവകള്‍



രാജാക്കന്മാര്‍ ആദ്യം മുതില്‍ക്കേ. 
നഗരങ്ങളിലായിരുന്നു. 
കച്ചോടക്കാരും നഗരങ്ങളില്‍ത്തന്നെ.
പണ്ഡിതന്മാരുടെ ഭാഷ നഗരത്തിനുവെളിയില്‍ 
അപ്രയായോഗികമായിരുന്നതു കൊണ്ട് 
അവരും നഗരത്തിലോ 
നഗരപാര്‍ശ്വത്തിലോ പാര്‍ത്തു. 
രാഷട്രിയക്കാരും വര്‍ഗ്ഗമായി രൂപാന്തരപ്പെട്ടത് 
നഗരത്തിന്റെ ഇന്‍ക്യുബാറ്ററുകളിലായിരുന്നു. 
കവികള്‍ പഴയ ചൈനീസ് പഴങ്കഥയിലെ 
കുയിലിനെപ്പോലെ നഗരത്തിലേയ്ക്ക് പിടിച്ചുകാണ്ടു വരപ്പെടുകയോ 
ക്ഷണിച്ചു കൊണ്ടുവരപ്പെടുകയോ ചെയ്തു..
കാലക്രമത്തില്‍ അവരുടെ പാര്‍പ്പും 
നഗരത്തില്‍ത്തന്നെയായി. 

രാജാക്കന്മാര്‍ നഗരങ്ങളിലിരുന്ന് വിദൂര ഗ്രാമങ്ങളെ, 
നാട്ടുമ്പുറങ്ങളെ ഭരിച്ചു. 
പണ്ഡിതന്മാര്‍ നഗരങ്ങളിലിരുന്ന് 
ഗ്രാമത്തെക്കുറിച്ച് ചിന്തിച്ചു, 
വ്യാഖ്യാനിച്ചു, വിലയിരുത്തി, വിധികല്പിച്ചു...

രാഷ്ട്രീയക്കാര്‍ നഗരങ്ങളിലിരുന്ന്
വിപ്ലവമോ പ്രതിവിപ്ലവമോ നയിച്ചു.
കവികള്‍ മുക്കാലെ അരയ്ക്കാലും പാടിയത് 
ഗ്രാമത്തെക്കുറിച്ചായിരുന്നു. 
അവരുടെ പാട്ടുകളില്‍ പത്തി ചതഞ്ഞ പഴമകള്‍
മൊട്ടച്ചിക്കുന്നുകള്‍ 
ഗര്‍ഭഛിദ്രത്താന്‍ പരിക്ഷീണരായ വയലുകള്‍
നടതള്ളിയ വാക്കുകള്‍ 
പ്രേതങ്ങളെപ്പോലെ ചുമമണപ്പിച്ച് പൊയ്ക്കാലില്‍ നടന്നു..

അങ്ങനെ നാട്ടുറവകള്‍ 
അധീകാരത്തിനും കച്ചവടത്തിനും രാഷ്ടീയത്തിനും 
ചിന്തയ്ക്കും കവിതയ്ക്കുമൊക്കെ  വിഷയീഭവിച്ച് 
പതുക്കെപ്പതുക്കെ ഒരു സത്യമല്ലാതായിത്തീര്‍ന്നു


കാട്ടുപിച്ചകം



പിച്ചകപ്പൂമണം തേടി
ച്ചെല്ലുമാറുണ്ടുഞാനെന്റെ 
ജീവന്റെ മുട്ടപൊട്ടിയ
കാവിന്നിരുട്ടിലിപ്പൊഴും.


4 Sept 2013

യാത്രാമൊഴി



അച്ഛന്റെ വീട്ടിലേയ്ക്കാദ്യ
യാത്രയാണെണീപ്പിച്ചിച്ചു 
കുളിപ്പിച്ചു വെടിപ്പാക്കി-
പ്പുറപ്പെടീച്ചമ്മകുഞ്ഞിനെ...

ഉണ്ണീ യാത്ര ചൊല്ലിക്കൊ-
ണ്ടോതീയമ്മയങ്ങു നീ 
ചെന്നെത്തും വരേയ്‌ക്കെങ്ങു-
മിരിക്കാതെ നടക്കണേ...
വീണാലുമെണീക്കണേ
മരിച്ചാലുമുയിര്‍ക്കണേ

പലതുണ്ടാം കണ്ടാലേറെ
സ്സുഖം തോന്നും രാജപാതക-
ളുണ്ടാവതില്‍ നിന്നെ
ക്ഷണിപ്പാന്‍ യന്ത്രവാഹകര്‍.
സാകൂതം തിരസ്‌ക്കരി
ച്ചുണ്മയില്‍ സഞ്ചരിക്കുക 
ദുരിതത്തെ വരിച്ചാലും 
സുഖത്തെ വര്‍ജ്ജിക്കുക.

ശാസ്ത്രപ്പൊയ്മുഖം വെച്ച
ദുഷ്ട വിജ്ഞാനം നിന്നെ 
രസിപ്പിച്ചുന്മത്തനായ്-
ത്തുലയ്ക്കാന്‍ ശ്രമിച്ചേയ്ക്കും 
വേണ്ടാ, നിനക്കുണ്ടമ്മ-
യിലപ്പൊതിച്ചോറിന്നൊപ്പ-
മെരിവായ്ച്ചവര്‍പ്പായര-
ച്ചുരുട്ടിയോരാത്മജ്ഞാനം


ഇങ്ങു നിന്നങ്ങോളമാ
ച്ചൂട്ടൂതിത്തെളിക്കുക. 
ധീരനായിരിക്കുക 
ശാന്തനായിരിക്കുക 
പാതയെപ്പാതയോരത്തെ
ത്തീണ്ടാതെയങ്ങെത്തുക.

1 Sept 2013

നിര്‍ത്താന്‍ കാലമാവുന്നൂ



മൗനത്തില്‍ വാളാലെന്നെ
വെട്ടി നീ ഹോമിക്കുക. 
മൗനത്തില്‍ ബലിത്തീയില്‍ 
എന്നെ നീ ഭസ്മമാക്കുക. 
ദേവീ നിന്നാററു തീരത്തെ- 
ച്ചെളിമണ്ണില്‍ക്കാട്ടു പച്ചയായ് 
മൗനത്തിന്‍ ജലം തൊട്ടു
നവമായുയിര്‍പ്പിക്കുക, 
വാക്കിന്‍ പുലയാട്ടു 
നിര്‍ത്താന്‍ കാലമാവുന്നു... 

ബലി



ഞാനെന്‍ ദുരഹങ്കാര
ത്തലപത്തുമറുത്തിടാം..
ബലിച്ചോറതുണ്ടെന്റെ
യാത്മനെ മുക്തമാക്കുക...

നിലവിളി



ഈ വിളി 
പക്ഷെ കേട്ടേ പറ്റൂ, 
ഇതൊരു 
നിലവിളിയായതുകൊണ്ട്...