ബുദ്ധനെ കൊല്ലേണ്ടതെങ്ങനെ?
ഒരു ഗ്രാമത്തില്‍ ഒരു ബുദ്ധനുണ്ടായിരുന്നു.
ആ ബുദ്ധന്‍ ആരുടെ ജീവിതത്തിലും ഇടപെടുമായിരുന്നില്ല.
ആരോടും ഒന്നും പറഞ്ഞിരുന്നില്ല.
എന്തെങ്കിലും ഉപദേശം നല്‍കുകയോ
പ്രസംഗിക്കുകയോ ഒന്നും ചെയ്‌തില്ല.
ആ ബുദ്ധന് ഒരാസ്ഥാനമോ
അമ്പലമോ ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷെ ബുദ്ധന്‍ അവിടെയുണ്ട് എന്ന്
എല്ലാവര്‍ക്കും അറിയാമായിരന്നു.
ഓരോരുത്തരും ഒരിക്കലെങ്കിലും ബുദ്ധനെ
നേരിട്ടു തന്നെയോ ശബ്‌ദത്തിലൂടെയോ അനുഭവിച്ചിരുന്നു.
ഒരമ്മ അധികം വന്ന ഭക്ഷണം
എറിഞ്ഞു കളയാന്‍ തുടങ്ങുമ്പോള്‍
തൊട്ടു മുന്നില്‍ ബുദ്ധന്റെ ഭിക്ഷാപാത്രം പ്രത്യക്ഷപ്പെടുന്നു.
ഒരാള്‍ സ്വന്തം ഹൃദയത്തിലേയ്‌ക്ക് ആഴ്‌ത്താനായി
കത്തിയുയര്‍ത്തുമ്പോള്‍
ഒരാള്‍ മറ്റൊരാളെ കൊല്ലാനായൊളിഞ്ഞു നിന്നപ്പോള്‍,
കുറച്ചുപേര്‍ ഗൂഢമായൊരു മാരണകര്‍മ്മത്തിനുവേണ്ടി
ഒത്തു ചേരുമ്പോള്‍
പെട്ടെന്ന് ബുദ്ധന്‍ അവിടെയെത്തുന്നു.
കുഞ്ഞ് പാതിരായ്‌ക്കുണര്‍ന്ന് നിലവിളിക്കുമ്പോഴോ
വൃദ്ധ കാഴ്‌ചപോയ കണ്ണുകൊണ്ട്
പച്ചിലമരുന്നു തിരയുമ്പോഴോ ബുദ്ധന്‍ അവിടെയുണ്ടാവുന്നു.
ചുവരില്‍ നിന്ന് അസാധാരണനായ ഒരു പല്ലിയായി.
ഒരു കാക്കയായി,
ഒരു വെറും കല്ലായി
എവിടെനിന്നെന്നില്ലാതെ
കേള്‍വിപ്പെടുന്ന ഒരൊച്ചയായി ആ ബുദ്ധന്‍.
എന്നാല്‍ അതൊരു വെറും പല്ലിയാണെന്ന്
ഒരു കല്ലാണെന്ന്
ഒരു കാക്ക മാത്രമാണെന്ന്
ആയിരം ഒച്ചകളില്‍ ഒരൊച്ച മാത്രമെന്ന്
കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തോന്നിയില്ലെങ്കില്‍
എന്തു ചെയ്യും?
ആ നോട്ടം , ആ നിശ്ശബ്‌ദത, ചൂടുള്ള ആ വെളിച്ചം,
ഹൃദയമുലയ്‌ക്കുന്ന ആ ഒച്ച
തന്നെയാണ് ലക്ഷ്യമിടുന്നതെന്നു തോന്നിയാല്‍ എന്തു ചെയ്യും!
ഒരു കാക്കയെയോ മുഴുവന്‍ കിളികുലത്തെയുമോ
ഒരു പൗരാണിക വനത്തെയോ
ഇല്ലായ്‌മ ചെയ്യേണ്ടതെങ്ങനെയെന്ന്
ആളുകള്‍ക്കറിയാമായിരുന്നു.
പക്ഷെ ഒരു ബുദ്ധനെ മറവുചെയ്യേണ്ടതെവിടെ
ഒരു ബുദ്ധനെ എന്നെന്നേയ്‌ക്കുമായി
കൊന്നുവീഴ്‌ത്തുന്ന സാങ്കേതിക വിദ്യയെന്ത് എന്ന്
അവരിതുവരെ കണ്ടുപിടിച്ചിരുന്നില്ല.