എന്റെ കൈവിരല്‍ത്തുമ്പ്
അവളുടെ കൈവിരല്‍ത്തുമ്പിനോട്
ഞാനൊന്നു തൊടട്ടേ എന്നു ചോദിച്ചു.
ഞാനരാനെന്നവള്‍ക്കോ
അവളാരെന്നെനിക്കോ അറിയുക പോലുമില്ല.
എന്നല്ല, അവളുടെ മുഖം ഞാനോ
എന്റെ മുഖം അവളോ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല.
ഞങ്ങള്‍ പരസ്പരം പുറം തിരിഞ്ഞായിരിന്നു നില്‍പ്
നല്ല തിരക്കുള്ള ഒരഞ്ചുമണി ബസ്സില്‍.
അവളുടെ വിരല്‍ത്തുമ്പ് ഒന്നും മിണ്ടിയില്ല,
അല്ലെങ്കില്‍ കേള്‍ക്കാത്ത ഒച്ചയില്‍ ഒന്നു മൂളി.
അല്ലെങ്കില്‍ ങ്ഹും എന്നോ
വേണ്ടെന്നോ വായിക്കാനാവാത്ത ഒരര്‍ഥത്തില്‍ ഒന്നിളകി.
എന്റെ വിരല്‍ത്തുമ്പ് അവളുടെ വിരല്‍ത്തുമ്പില്‍
ഒരാള്‍ ഒരുവളുടെ നെഞ്ചില്‍ തലചായ്ക്കുന്നപോലെ അമര്‍ന്നു.
അവളുടെ വിരലിന്റെ ഹൃദയമിടിപ്പിനോട്
എന്റെ വിരലിന്റെ വിരലിന്റെ ഹൃദയമിടിപ്പ് പറഞ്ഞു.
ഞാന്‍ ഒരൊറ്റയാളാണ്.
എത്രയോ നാളായി ഞാന്‍
ഒരുവളെ സ്‌നേഹത്തോടെ ഒന്നുരുമ്മാന്‍ കൊതിക്കുന്നു...
ക്ഷമിക്കൂ, ഞാന്‍ തനിച്ചല്ല, മറുവിരല്‍ത്തുമ്പ് പറഞ്ഞു...
എനിക്കവകാശിയും അധികാരിയും ഉണ്ട്.
അതാണോ നിനക്കു ഭയം..
അതാണോ നിന്റെ ഹൃദയം
ഇങ്ങനെ പടപടാന്ന് മിടിക്കുന്നത്.
അല്ല..
ഇരുട്ടിന്റെ .ഈ അജ്ഞാത താവളത്തില്‍
ഞാനെന്തിന,് ആരെപ്പേടിക്കാനാണ്...!
നീ ഇസ്ലാമാണ് അല്ലേ...?
പക്ഷെ നിന്റെ ഈ കറുത്ത ഉടുപ്പ്
നിന്റെ കൂടുതല്‍ തുറന്നവളും
കൂടുതല്‍ മോഹിനിയുമാക്കുന്നു.
എന്തു പ്രായമുണ്ടെന്നു പറയുമോ?
എന്റെ വിരല്‍ത്തുമ്പു ചോദിച്ചു.
മണ്ടത്തരം പറയാതെ..
അവളുടെ വിരല്‍ത്തുമ്പ് ചിരിച്ചോണ്ടു ശാസിച്ചു.
വിരല്‍ത്തുമ്പുകള്‍ക്ക് ജാതിയോ മതമോ ഇല്ല...
വിരല്‍ത്തുമ്പുകള്‍ക്ക് പഴക്കമില്ല, പ്രായമേറുന്നില്ല.
വിരലുകള്‍ ആത്മവൃക്ഷത്തിന്റെ വേരുമുനകള്‍ ..
അവയെപ്പോഴും സ്‌നേഹത്തിന്‍ നനവുതേടി
ആഴത്തിലാഴത്തിലേയ്ക്കുഴറിക്കൊണ്ടിരിക്കും.
ഞാനൊന്നു ചുംബിക്കട്ടെ
ബസ്സിറങ്ങാന്‍ സ്റ്റോപ്പടുക്കുന്നുവല്ലോ എന്ന വിഹ്വലതോടെ
എന്റെ വിരല്‍ത്തുമ്പുചോദിച്ചു.
ചൂംബിക്കൂ,
ഇപ്പോള്‍ എന്റെ വിരലിലേയ്‌ക്കൊന്നു കൂടെയമമര്‍ന്നുകൊണ്ട്
അവളുടെ വിരല്‍ത്തുമ്പു പറഞ്ഞു..
ചുംബനം വിരല്‍ത്തുമ്പുകളുടെ ആദിഭാഷയാകുന്നു...
No comments:
Post a Comment