സ്‌ക്കൂളിലൊന്നും പോകാത്ത
ഒരു കുട്ടിയുണ്ടായിരുന്നു.
നേരം വെളുത്താല്‍ പുരയില്‍ നിന്നിറങ്ങി
നാട്ടുവഴികളിലൂടെ ചുറ്റിക്കറങ്ങുകയും
അന്തിയോടെ വീട്ടില്‍ ചിരിച്ചെത്തുകയുമായിരുന്നു
അവന്റെ പതിവ്.
ഒരു മരം വെട്ടുകാരനെക്കണ്ടാല്‍
അവനതുനോക്കി കുറച്ചു നില്‍ക്കും.
അടുത്തു ചെല്ലും.
എന്നിട്ട് അടക്കം പറയും പോലെ്
എന്തിനാണ് മരം വെട്ടുന്നത് എന്നു ചോദിക്കും.
എന്തിനാണ് വണ്ടിയുന്തുന്നത്?
എന്തിനാണീ ഭാരം ചുന്നുകൊണ്ടുപോവുന്നത്?
എന്തിനാണ് വയലുഴുന്നത്?
എന്തിനാണ് കാളയെ ഉരച്ചു കുളിപ്പിക്കുന്നത്?
പുല്ലരിയുന്നതെന്തിനാണ് ?
ഇലയടിച്ചൂട്ടുന്നതെന്തിനാണ്?
ഈ തുണികളൊക്കെ ഇങ്ങനെ അലക്കി
വെളുപ്പിക്കുന്നതെന്തിനാണ്?
ചോദ്യം ചോദിച്ച ശേഷം
അതിന്റെ ഉത്തരത്തിനായി ആ കുട്ടി
കാത്തു നില്‍ക്കുമായിരുന്നില്ല.
പുഴ ആരെയും കാത്തു നില്‍ക്കാത്തതുപോലെ
മേഘങ്ങള്‍ ആരെയും കാത്തുനില്‍ക്കാത്തതുപോലെ
കാറ്റ് വാതിലോ ജനലോ അടക്കുകയോ
തുറക്കുകയോ അല്ലാതെ
ആരെയും കാത്തുനില്‍ക്കാത്തതു പോലെ...
No comments:
Post a Comment