26 Oct 2013

തെറി



തെറി വാക്കുകള്‍,
പൊട്ടിത്തെറിക്കുമ്പോള്‍ 
പൂനിലാവു ചിതറുന്ന 
മാന്ത്രിക ബോംബുകള്‍.

ചെറ്റ,  ഗാന്ധിയുടെ പാര്‍പ്പിടം, 
തെണ്ടിയില്‍ ബുദ്ധനും പെടും. 
പുലയാട്ടം, നൂറുശതമാനം സെന്‍, 
തേവടിശ്ശി ഉര്‍വ്വരതയുടെ കുഞ്ഞനിയത്തി.
കഴുവേറികള്‍ എല്ലാ രക്തത്സാക്ഷികളും 
പട്ടി, ജാഗ്രത. 
കഴുത, പ്രശാന്തത, 
നിസ്സഹായതയുടെ ദീന വിലാപം.

ആത്മരോഷത്തിന്റെ 
ചൂടുവായുകെട്ടിക്കിടന്ന് 
ഇടനെഞ്ച് പൊട്ടിത്തെറിയ്ക്കാതിരിക്കാന്‍ 
സ്വപ്നമിനിയെന്തു പിറുപിറുക്കുമെന്നാണെങ്കില്‍ 
കീഴ്വായുവാലൊരക്കകുടല്‍- 
ത്താലിക്കാലിക ശമനത്തിനാണെങ്കില്‍
പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ 
മതമേലധ്യക്ഷനെന്നോ പാര്‍ട്ടിസെക്രട്ടറിയെന്നോ  
വിളിക്കുന്നതാണുത്തമം.

No comments: