ആത്യന്തിക വിപ്ലവം
വളരെ ചെലവുകുറഞ്ഞ ഒരു സംഗതി.
ലളിതം...
വായിക്കാന്‍ പാഠപുസ്തകമോ
നയിക്കാന്‍ നേതാക്കന്മാരോ
പരിശീലനത്തിന് ഗുരുക്കന്മാരോ ആവശ്യമില്ല.
പൊതുയോഗമോ ജാഥയോ വേണ്ട.
പാര്‍ട്ടികളോ പ്രസ്ഥാനങ്ങളോ ആവശ്യമില്ല.
ഉള്ളവയൊന്നും ഇടിച്ച് നിരപ്പാക്കണമെന്നും
അതിനായി പുതിയൊരിനം ക്വട്ടേഷന്‍ സംഘത്തെ
ഏര്‍പ്പാടാക്കണമെന്നുമില്ല.
ആത്യന്തികവിപ്ലവം വളരെ ലളിതം.
അതിനായി മുഴുവന്‍ വിപ്ലവകാരികളും ചെയ്യേണ്ടത് ഇപ്പഴുറങ്ങുന്നതിനെക്കാള്‍
രണ്ടോമൂന്നോമണിക്കൂര്‍ കൂടുതലായുറങ്ങുക.
സുഖമായി, സ്വച്ഛന്ദമായി, ചരിഞ്ഞും മലര്‍ന്നും
കെട്ടിപ്പിടിച്ചും കൂര്‍ക്കം വലിച്ചും
കാണുന്നവരെ മോഹിപ്പിക്കുന്ന തരത്തില്‍
സുന്ദരമായുറങ്ങുക.
ലഹരിപിടിച്ചപോലെ ഉറങ്ങുക.
നേതാക്കന്മാരും മതപുരോഹിതന്മരും
പണ്ഡിതന്മാരും കവികളുമെല്ലാം
മൂക്കറ്റം ആഴത്തില്‍ സര്‍വ്വം മറന്നുറങ്ങുക..
.പണ്ട്പിള്ളാരായിരുന്നപ്പോളെന്നപോലെ
മാലാഖമാരെ സ്വപ്നംകണ്ടും
കരഞ്ഞും ചിരിച്ചും
പായില്‍ മുള്ളി രസിച്ചും നിഷ്‌കളങ്കമായുറങ്ങുക.
എഴുന്നൂറുകോടി ശീതളനിദ്രകള്‍ കൊണ്ട്
പൊള്ളുന്ന ഭൂമിയെ ഒന്നു പൊതിയുക...
No comments:
Post a Comment