26 Oct 2013

വെയ്സ്റ്റ്



പണക്കാരനായ മോന്‍ 
നഗരത്തില്‍ പുരപണിയാന്‍ തുടങ്ങിയപ്പോള്‍ 
ഒരു മുറി ദൈവങ്ങള്‍ക്കായൊഴിച്ചിടണണമെന്ന് 
മുത്തിയമ്മ. 
കോണിക്കൂട് മതിയോയെന്നു 
പ്ലാന്‍ വരപ്പുകാരി സമര്‍ഥ, മരുമോള്‍.
പോരെടീയെന്നായമ്മ, 
കുടിയിരുത്താന്‍ ധാരാളം ദൈവങ്ങളുണ്ട്, 
കാളിയും ഭൈരവനുമുണ്ട്,
അഞ്ചെട്ട് കാരണവരെങ്കിലുമുണ്ട്. 
ഓരോ കാരണവനും ഒരിരുണ്ടകല്ല്. 
ഇരിക്കാനൊരു പലക. 
കണ്‍മിഴിക്കാനൊരിടിഞ്ഞില്‍. 

മുത്താച്ചി മരിച്ചപ്പഴാണ്പ്രശ്‌നം വഷളതമമായത്.
ഇനിയിപ്പോ നേരാനേരം 
ആരിവറ്റെ തീനാളമുട്ടിക്കുകേം 
പ്രാര്‍ഥന കുടിപ്പിക്കുകേം ചെയ്യും. 
വിശ്വാസവിരല്‍ നീട്ടിക്കൊടുത്താരവരെ പിത്ത നടപ്പിക്കും.

കെട്ടിപ്പൊതിഞ്ഞ് 
മാലിന്യക്കൊട്ടേലിടാന്‍ കൊണ്ടുപോയ 
ചെറുവാല്യക്കാരന് സംശയം, 
മുത്തിയമ്മേടെ ദൈവങ്ങള്‍ 
ജൈവ വെയ്‌സ്റ്റോ അജൈവ വെസ്റ്റോ !

No comments: