പല ചിരികള്‍ സാധ്യം,
സന്തോഷം വേണമെന്നൊന്നുമില്ല,
ചിരിയഭിനയിക്കാന്‍ ഒരു വിഷമവുമില്ല,
സ്‌നേഹമോ ഇഷ്ടമോ
സന്തോഷമോ ഒന്നും വേണ്ട,
ചിലപ്പോള്‍ ബോധം പോലും വേണ്ട,
അല്ലേ?
വെയിലു പോലെ,
വെളിച്ചം പോലെ,
ജാലകം ഒന്നു തുറന്നാല്‍ മാത്രം മതി.
എന്നാലിന്നുവരെ പറ്റിയില്ല
ഒരുണ്ടാക്കിക്കരച്ചില്‍.
കരച്ചില്‍ മഴ പോലെ,
വരുത്താന്‍ പറ്റില്ല,
തന്നെത്തന്നെ ഹോമിക്കേണ്ടി വരും.
അല്ലെങ്കില്‍ താന്‍സനെയൊക്കെപ്പോലെ
പാടിപ്പാടിപ്പാട്ടായിപ്പെയ്യേണ്ടി വരും.
ഒരിക്കലും കരയാറില്ലാത്ത
ആള്‍ക്കൊപ്പം ജീവിക്കുന്നത്
മഴയില്ലാത്ത ഒരിടത്ത്
ജീവിക്കുന്നതു പോലെ, വരണ്ടത്...
ചിരി ഉള്ളിലെത്തകരപ്പെട്ടിക്കുമേലും
കരച്ചില്‍ അടിയിലും സൂക്ഷിച്ചതായിരിക്കും.
മേല്‍പ്പരപ്പില്‍ നിന്നിത്തിരിപ്പായലെടുത്തു മാറ്റിയാലാ
കുളത്തിലെ വെള്ളം
ചിലപ്പോളറിഞ്ഞെന്നു തന്നെ വരില്ല.
എന്നാല്‍ അടിയില്‍ നിന്നെന്തെങ്കിലും
ഒന്നു വലിച്ചു നോക്കൂ,
ഏറെ നേരം ആകെ കലങ്ങി മറയും...
No comments:
Post a Comment