കവിതകൊണ്ടെനിക്കൊരു
കാടുണ്ടാക്കാനിഷ്ടം.
പടരുന്ന, പൂക്കുന്ന,
കൈചുറ്റിപ്പിടിക്കുന്ന,
കാറ്റേറ്റുലയുന്ന,
പാടുന്ന കുറുകുന്ന,
കരയുന്ന, മുരളുന്ന,
മൂകമായിരിക്കുന്ന,
രാത്രിയില്‍ വിരിയുന്ന,
ഓടുന്ന, ഒഴുകുന്ന,
വാനോളമുയരുന്ന,
മണ്‍പറ്റിക്കിടക്കുന്ന,
കയ്ക്കുന്ന, പുളിക്കുന്ന,
തേനായ് മധുരിക്കുന്ന,
മരുന്നായ് മുറികൂട്ടുന്ന,
വിഷമായ് മരിപ്പിക്കുന്ന,
നൂറുനൂറായിരം
കവിതകള്‍... കവിതകള്‍....
എന്നിട്ടുള്ളിലേയ്‌ക്കൊരു
ശരപ്പക്ഷിയായിപ്പറ-
ന്നെന്നേയ്ക്കും നഷ്ടമാകണം,
കവിതകൊണ്ടെനിക്കൊരു
കാടുണ്ടാക്കാനിഷ്ടം...
No comments:
Post a Comment