പാതിയുറക്കത്തില്‍,
അര്‍ദ്ധ ബോധത്തില്‍
ഞാനീ കടവത്തു വന്നു നില്‍ക്കുന്നു.
പുഴ ഉറങ്ങുന്നില്ല.
കാറ്റിനും ഓളങ്ങള്‍ക്കും തമ്മിലുള്ള
പ്രണയ ലീലകള്‍ക്കും ഉറക്കമില്ല.
തീരത്തോടു മുഖം ചേര്‍ന്നുരുമ്മി
പകല്‍മുഴുവനങ്ങോട്ടുമിങ്ങോട്ടു-
മോടിത്തളര്‍ന്ന
കടത്തു തോണിയുറങ്ങുന്നു.
മഹാഗണിമരങ്ങളും
ഓരത്തെ വേപ്പുമരങ്ങളും
അതിന്റെ ചില്ലയിലെ
പലജാതിപ്പറവകളും ഉറങ്ങുന്നു.
പുലരാന്‍ ഇനിയെത്രയുണ്ടെന്നാര്‍ക്കറിയാം.
എന്നെ ഉണര്‍ത്തി
കടവത്തേയ്ക്കു വിളിച്ചയാളുടെ
മൂകമായ കാലടി പാതയുടെ അറ്റത്ത്.
ജന്മാന്തരങ്ങളായുള്ള ജീവന്റെ ഏകാന്തത എന്നേയ്ക്കുമായവസാനിക്കുകയാണ്....
ഞാനിനി ഏകനോ അനാഥനോ അല്ല.....
No comments:
Post a Comment