26 Aug 2013

ഒറ്റുകാരന്‍



.ക്രിസ്തുവിനു കുരിശാരോഹണമുണ്ടായപോലെ 
എനിക്കുമൊരു കുരിശാരോഹണവും 
കുരിശുമരണവുമുണ്ടായി. 
മരത്തിനേക്കാള്‍ക്കടുത്ത ഒരു പ്രതലത്തില്‍,
എന്റെ ശരീരം എന്നകുരിശില്‍
 എന്റെ മനസ്സാക്ഷി ഏറ്റക്കുത്തനെ 
കെട്ടിത്തൂക്കപ്പെടുകയും അഞ്ചാണികള്‍ 
അതില്‍ തറഞ്ഞുകേറുകേം ചെയ്തു. 

എനിക്കു കാവല്‍നില്‍ക്കാന്‍ , 
ഇരുട്ടില്‍ നക്ഷത്രം കൊളുത്തി 
വെളിച്ചം കാണിച്ചുതരാന്‍, 
വേദനയില്‍നിന്ന്
മോഹാലസ്യത്തിലേയ്ക്ക് വാതില്‍തുറന്നു തരാന്‍
വിശ്വാസത്തിന്റെ 
ആകാശമേല്‍ക്കൂരയൊന്നുല്ലായിരുന്നിട്ടും 
എനിക്കും പുനരുത്ഥാനമുണ്ടായി. 

കീശയിലെ വെള്ളിക്കാശിന്റെ കലമ്പല്‍ 
അലോസരമായപ്പോള്‍ ഞാനതൊരു 
തുണിക്കഷണത്തില്‍ക്കെട്ടി അരയില്‍ തൂക്കിയിട്ടു. 
നിരന്തരം അളിഞ്ഞോണ്ടിരുന്ന ഒരു ശവവും 
പേറി്‌യെന്ന പോലെ 
ഞാനെന്നെയും പേറി 
ഒരു കുന്നിന്‍ ചെരിവിലെ ഒറ്റ വീട്ടില്‍ എത്തി. 
അവിടെ നുറുവയസ്സിനപ്പുറം 
പ്രായമുള്ള ഒരമ്മൂമ്മയും കണ്ണുപൊട്ടത്തിയായ 
ഒരു പെണ്ണും ഉണ്ടായിരുന്നു. 
പെണ്ണുമെലിഞ്ഞിട്ടായിരുന്നു. 
മുപ്പതുവെള്ളിക്കാശ് 
അമ്മൂമ്മയ്ക്കു വെച്ചു നീട്ടിയിട്ട് 
ഈ പെണ്‍കിടാത്തിയെ എനിക്കു വില്‍ക്കുമോ 
എന്നു ഞാന്‍ ചോദിച്ചു.

ആ ചോദ്യം ഒരഭ്യര്‍ഥയായിരുന്നെങ്കിലും 
പട്ടാളക്കാരന്റെ പരുഷ ശബ്ദം കൊണ്ട്
അതൊരു കല്പനയായി മാറി. 
അമ്മൂമ്മ അതുകൈനിട്ടി വാങ്ങാനൊരുങ്ങിയപ്പോള്‍ 
കണ്ണുപൊട്ടത്തി പെണ്‍കിടാത്തി ചീറ്റപ്പുലിപോലെ ചാടിവീണ് 
പണപ്പൊതി തട്ടിപ്പറിച്ച് എന്റെ മുഖത്തേയ്‌ക്കെറിഞ്ഞു..
പിശാചിന്റെ പണം എന്നു പറഞ്ഞോണ്ട്...


No comments: