7 Sept 2013

ശ്യാമ ബുദ്ധന്‍1



വൃക്ഷത്തണലില്‍ നിന്നു നോക്കുമ്പോള്‍ 
കൂട്ടുകാര്‍ പല കളി കളിക്കുന്നു
ബൊമ്മക്കോലം കെട്ടിക്കളി, 
കുതികള്ളനെപ്പിടുത്തം,
കുറ്റിയും കോലും കളി...
രാജകുമാരന് ഇത്തിരി സന്തോഷം വരുത്താന്‍.
അവന്റെ മണ്ടന്‍മട്ടൊന്നു മാറ്റിയെടുക്കാന്‍.

കളികഴിഞ്ഞാല്‍ ഓരോ കളിക്കാരനും 
രാജകല്‍പ്പന പ്രകാരം 
ഉപഹാരമുണ്ട്.
രാജകുമാരന്‍ മുഷിയാതിരുന്നു കളികണ്ടാല്‍ സമ്മാനം 
രാജകുമാരന്റെ മുഖത്തൊരു
ചിരി വിരിയിക്കാനായാല്‍  പ്രത്യേക സമ്മാനം!

പരിചാരകരുടെയും സ്തുതി പാഠകരുടെയും 
വിദൂഷകന്മാരുടെയും വീടുകളിലെ കുട്ടികള്‍. 
ചെറുപ്പന്നേ സമ്മാനം വാങ്ങിക്കലില്‍ 
 മോഹം പിടിച്ചവര്‍
കളിക്കിടയില്‍ ഇടയ്ക്കിടെ തുള്ളിച്ചാടുകയും 
കൈമാടി വിളിക്കുകയും 
അംഗവസ്ത്രങ്ങള്‍ പൊക്കിക്കാട്ടുകയും 
ചെയ്യുന്നുണ്ട്. 

വിഷാദത്തെ നിലവിളിയാക്കുന്ന 
ആ കോമാളിത്തങ്ങള്‍ നോക്കി 
എത്ര നിന്നിട്ടുണ്ട് ഞാനെന്റെ കുട്ടിക്കാലത്ത്!

No comments: