22 Sept 2013

്‌ദൈവത്തോട് മിണ്ടാന്‍



നിനക്ക് ദൈവത്തോട് മിണ്ടാനറിയ്യോ റോസ്?
ദൈവത്തിന്റെ ഭാഷ വളരെ സരളം,
ഏതൊച്ചകൊണ്ടും അതുണ്ടാക്കപ്പെടും, 
ചില ചിത്രവരയന്മാര്‍ ഏതു നിറച്ചാറുകൊണ്ടും 
എവിടേം ചിത്രം വരയ്ക്കില്ലേ അതുപോലെ..

ഒരിക്കല്‍ ഡസ്‌ക്കില്‍ നിന്ന് താഴേയ്ക്കു തട്ടിവീണ 
സ്റ്റീല്‍പ്ലെയിറ്റിന്റെ ഒച്ചയിലൂടെ 
ദൈവം ആദ്യമായെന്നോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു. 
കുറച്ചുനേരം അതെനിക്കു മനസ്സിലായില്ല. 
അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപോലെയോ 
കൊടുങ്കാറ്റ് വലിയ കടല്‍ത്തിരയെയെടുത്ത് 
എന്റെ കപ്പലിന്റെ ചുവര്‍പ്പലകയില്‍ വീശിയടിച്ചപോലെയോ 
എനിക്കു തോന്നി. 
പിന്നെ മൂകതയും ശബ്ദവും ഒരുമിച്ച് 
സംഭവിക്കുന്നതായിത്തോന്നി. 
കേള്‍ക്കുന്നു കേള്‍ക്കുന്നില്ല എന്ന അവസ്ഥ...
പിന്നെ മനസ്സിലായി ദൈവം മൂകനാണെന്നപോലെ 
വാചാലനുമാണെന്ന്...
എപ്പഴും തൊള്ളയടക്കാതെ ചറപറാപറയുന്ന 
ഒരു നഴ്‌സറിക്കുഞ്ഞിനെപ്പോലെയും ആണെന്ന്.. 

ഒരിക്കല്‍ നീയും അതു കേള്‍ക്കണം റോസ്, 
ഏതു ഞരക്കത്തിലും നീയിനി കാതമര്‍ത്തിപ്പിടിക്കണം.
ഒരു മടുപ്പന്‍ കോട്ടുവായൊച്ചയില്‍പ്പോലും
നീയിനിയതു പ്രതീക്ഷിക്കണം..


No comments: