4 Sept 2013

യാത്രാമൊഴി



അച്ഛന്റെ വീട്ടിലേയ്ക്കാദ്യ
യാത്രയാണെണീപ്പിച്ചിച്ചു 
കുളിപ്പിച്ചു വെടിപ്പാക്കി-
പ്പുറപ്പെടീച്ചമ്മകുഞ്ഞിനെ...

ഉണ്ണീ യാത്ര ചൊല്ലിക്കൊ-
ണ്ടോതീയമ്മയങ്ങു നീ 
ചെന്നെത്തും വരേയ്‌ക്കെങ്ങു-
മിരിക്കാതെ നടക്കണേ...
വീണാലുമെണീക്കണേ
മരിച്ചാലുമുയിര്‍ക്കണേ

പലതുണ്ടാം കണ്ടാലേറെ
സ്സുഖം തോന്നും രാജപാതക-
ളുണ്ടാവതില്‍ നിന്നെ
ക്ഷണിപ്പാന്‍ യന്ത്രവാഹകര്‍.
സാകൂതം തിരസ്‌ക്കരി
ച്ചുണ്മയില്‍ സഞ്ചരിക്കുക 
ദുരിതത്തെ വരിച്ചാലും 
സുഖത്തെ വര്‍ജ്ജിക്കുക.

ശാസ്ത്രപ്പൊയ്മുഖം വെച്ച
ദുഷ്ട വിജ്ഞാനം നിന്നെ 
രസിപ്പിച്ചുന്മത്തനായ്-
ത്തുലയ്ക്കാന്‍ ശ്രമിച്ചേയ്ക്കും 
വേണ്ടാ, നിനക്കുണ്ടമ്മ-
യിലപ്പൊതിച്ചോറിന്നൊപ്പ-
മെരിവായ്ച്ചവര്‍പ്പായര-
ച്ചുരുട്ടിയോരാത്മജ്ഞാനം


ഇങ്ങു നിന്നങ്ങോളമാ
ച്ചൂട്ടൂതിത്തെളിക്കുക. 
ധീരനായിരിക്കുക 
ശാന്തനായിരിക്കുക 
പാതയെപ്പാതയോരത്തെ
ത്തീണ്ടാതെയങ്ങെത്തുക.

No comments: