16 Sept 2013

ഉമ്മയളുക്ക്



ഒരു പ്രണയിയാകുന്നതിന് മുമ്പ്
പല മാസ്റ്റര്‍മാര്‌ടെ അടുത്തും പോയി 
ഉമ്മ വെയ്ക്കല്‍ പഠിക്കണം.. 
മേഘങ്ങള്‍ ഉമ്മവെയ്ക്കുന്നത്, 
ആണ്‍പക്ഷീം പെണ്‍പക്ഷീം ഉമ്മവെയ്കുന്നത്, 
പക്ഷികളില്‍ത്തന്നെ കാക്കേം കാക്കേം 
കുയിലും കുയിലും 
കുരുവീം കുരുവീം ഉമ്മവെയ്ക്കുന്നത് .
 പൂമ്പാറ്റ പൂവിനെ ഉമ്മവെയ്ക്കുന്നത് 
കാല്‍പ്പാദങ്ങള്‍യാത്രക്കാരനറിയാതെ 
പാതയെ ഉമ്മവെയ്ക്കുന്നത്...

പ്രണയത്തിന്റെ ഉമ്മകള്‍ക്ക് 
സ്ഥിരമായ അസ്ഥിത്വമി#െല്ല 
ആകാശപ്പറവകള്‍ക്ക് 
സ്ഥിരം വാസസ്ഥാനമില്ലാത്തതുപോലെ. 
നെറ്റിയില്‍ത്തൊട്ട ഉമ്മകള്‍
 പ്രാണഞരമ്പുകളിലൂടെ 
രക്തത്തിലലിഞ്ഞ് കടലോളമൊഴുകും.

മൂര്‍ദ്ദാവില്‍പ്പതിച്ച ഏതുമ്മയ്ക്കും
നൂറുവയസ്സില്‍ മരിച്ച ചാച്ചന്റെ മണം. 
കണ്ണില്‍ത്തൊട്ട ഉമ്മ 
എന്റെ ഒന്നാംക്ലാസ് കാമുകിയുടെ.
 അവളിസ്‌ക്കൂളിലെത്തിയാല്‍ എന്നും 
എന്റെ പിന്‍മുറ്റത്തേയ്ക്കു വിളിച്ചോണ്ടുപോയി 
പുളിവെണ്ടപ്പൊതിയ്‌ക്കൊപ്പം 
ആദ്യം ഇടത്തുകണ്ണില്‍ ഒരുമ്മയും
പിന്നെ പെണങ്ങണ്ടെയെന്ന്
വലത്തുകണ്ണില്‍ ഒരുമ്മയും തന്നു പോന്നു. 

ഒറ്റയുമ്മകൊണ്ട് 
എന്റെ വിശപ്പും ക്ഷീണവും മാറീട്ടുണ്ട്. 
ഒറ്റയുമ്മകൊണ്ട് ഞാന്‍
ധനവാനെക്കാള്‍ ധനികനായി, 
എല്ലാകടവും വീട്ടി.  
യോഗിയക്കാള്‍ ശാന്തനായി , മുക്തനായി.
വിപ്ലവകാരിയെക്കാള്‍ ഉത്സാഹിയായി.
ഒരിക്കലൊരുമ്മമധുരം കൊണ്ട് ..

അമ്മയോര്‍മ്മക്കരച്ചിലുമാറ്റാനുള്ള സാരല്ല്യേയുമ്മകള്‍,
പുട്ടുകറിയൊന്നാംതരമായതിനോ 
കോലായടിച്ചുതുടച്ച് കണ്ണാടിമിനുപ്പാക്കിയതിനോ ഉള്ള
അനുമോദനയുമ്മകള്‍,
ദുഖത്തിന്, പ്രതിഷേധത്തിന,് പിണക്കത്തിന്, 
വിയോജിപ്പിന,് പോരാട്ടത്തിന്, പ്രതീക്ഷയ്ക്ക,് സ്വപ്നത്തിന്  
ഒക്കെപറ്റുന്ന എത്ര ജാതിയുമ്മകള്‍
എന്റോളുടെ ഇടനെഞ്ചിന്‍
ഇച്ചിരിപ്പോന്നൊരളുക്കുകൊട്ടയില്‍!


No comments: