23 Nov 2012

മുഴപ്പ്




ഒരു പെണ്ണിന്റെകാര്യത്തിലാകുമ്പോള്‍ 
തൊണ്ണൂറ്റിനാലുകിലോ ഭാരം 
അമ്പതോ അമ്പത്തൊന്നോ കിലോയായി കുറഞ്ഞെന്നത് 
ഹല്ല ദെങ്ങനെ സാധിപ്പിച്ചെടുത്തു, 
ഏതഭ്യാസം ഏതൊറ്റമൂലി എന്നൊക്കെ 
അപ്രസ്തുതപ്രശംസകളാകും വായില്‍വരുത്തുന്നത്. 
അവള്‍ക്കാണെങ്കില്‍ സൗന്ദര്യമൊക്കെയതേപോലെ 
കണ്ണുകളുടെ ആഴത്തിലെവിടെയോ 
സൂക്ഷിച്ചുനോക്കിയാല്‍മാത്രം കാണാവുന്നൊ
രുറക്കച്ചടവുണ്ടെന്നുമാത്രം. 

ഒരു പുതുജന്മം പോലുണ്ട്. എന്നു ഞാന്‍. 
അതേയെന്നവള്‍, ഒന്നു മരിച്ചു പിന്നേം ജനിച്ചു. 
ഹ...ഹ.. എന്ന് പിന്നേംഞാന്‍ 
പക്ഷെ നിന്റെ പെണ്‍മകള്‍ക്ക് 
കോട്ടംവന്നില്ല ഭാഗ്യമെന്ന്
മാറിടത്തിലേയ്ക്ക് കണ്ണുപാളിച്ചോണ്ട് പറഞ്ഞത് 
തോളില്‍വെച്ച കൈമുന്നേയൊരിക്കല്‍
അതുവേണ്ടെന്ന് എടുത്തുമാറ്റിയപോലെ 
അവള്‍ചിരിച്ചോണ്ട് തട്ടിമാറ്റി. 

പിന്നെ ഇത്തിരിമാറിനിന്ന് അവള്‍ പറഞ്ഞു, 
മുലകളിലേയ്ക്കു താനിങ്ങനെ 
കൊതിയോടെ നോക്കുമ്പോള്‍ 
മുലക്കണ്ണില്‍ തരിക്കുമായിരുന്നു ഒരിക്കല്‍, 
ഇപ്പഴാവില്ല, ഈ മുഴപ്പ് 
മുറിച്ചുമാറ്റിയിടത്തെ റബ്ബര്‍ഗോളങ്ങളുടെ.


No comments: