ഒന്നാം തരത്തിലെ പാട്ടുകള്‍ക്ക്
ഇന്നയിന്നയെന്നണുവിടതെറ്റാതര്‍ഥം
വേണമെന്നൊന്നുമില്ല,
അല്ലെങ്കില്‍ ഒരു വെറും ഉണക്കക്കമ്പിനെ
കീറത്തുണിചുറ്റിയൊരമ്മയാക്കുന്നപോലെ
അവരേതു മൂളക്കവും
പാടിപ്പാടിയൊരര്‍ഥമാക്കുന്നു.
വെറുംമൊരുലാലാലാ...
ഒരു കുഹുക്കുഹു...
ഇന്നു ഞാന്‍ ഇത്തിരി നനവുള്ള ഈണത്തില്‍
മലാലാ മലാലാ എന്നു പാടുന്നു...
കുഞ്ഞുങ്ങള്‍
തട്ടമിട്ടവരും തൊപ്പിയിട്ടവരും
കുരിശുമാലയണിഞ്ഞവരും
ചന്ദനക്കുറിയന്മാരും
തുള്ളിത്തുള്ളിയെഴുന്നേറ്റ്
കുഞ്ഞുവിരലുകള്‍കോര്‍ത്തുകോര്‍ത്ത്
തിരമാലകളേക്കാളുച്ചത്തില്‍
കടല്‍ക്കാറ്റുളെക്കാളുച്ചത്തില്‍
പലയൊച്ചകള്‍ കൂട്ടിപ്പിരിച്ച ഇഴപൊട്ടാത്ത
ഒരൊറ്റയൊച്ചയില്‍ ഇങ്ങനെ പാടുന്നു
മലാലാ മലാല...
ക്ലാസ്മുറിവാതിലുകളും ജനലുകളും
കാറ്റിനും വെയിലിനുംമുന്നില്‍ മലര്‍ക്കെത്തുറന്നിട്ട്
വരകളും ചിത്രങ്ങളുംനിറച്ച ഒരുപുതുപാഠപുസ്തകം
ആകാശത്തേയ്ക്കുയര്‍ത്തി
ഞാനിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു,
മലാല...മലാല.... മലാലയൂസഫ്‌സായ്....
No comments:
Post a Comment