27 Nov 2012

ഒരുപ്രശ്‌നത്തിന്റെ അപ്പുറോം ഇപ്പുറോം


അവള്‍ക്കൊന്നു മൂളിത്തുടങ്ങിയാല്‍മതി 
ചെമ്പൈ ആണോ െശമ്മാങ്കുടിയാണോ 
സന്താനമാണോ ജയശ്രിയാണോന്നൊക്കെ പറയും. 
അയാള്‍ക്കാണെങ്കില്‍ ബാലമുരളിയെപ്പോലും തിരിയില്ല. 
യേശുദാസിനെപ്പോലെ രസല്യാന്ന് ഓഫാക്കിപ്പിക്കും.
അല്ലെങ്കില്‍ 
അടുക്കളയ്ക്കു പുറത്തുകേള്‍ക്കരുതെന്ന് 
വോള്യം കൊറപ്പിക്കും.. 

അയാള്‍ക്ക് മൊരിയണം,
അവള്‍ക്ക് വേവുകപോലും വേണ്ട. 
അഞ്ചുമിനുട്ടുകൊണ്ടി ഭൂഗോളം ചുറ്റിവന്നേയ്ക്കും അയാള്‍, 
അവളോ ബെഡ്‌റൂമില്‍നിന്നടുക്കളയിലെത്തുമ്പഴേയ്ക്ക് 
മഴക്കാലം കഴിഞ്ഞ് മഞ്ഞു വീണുതൊടങ്ങീരിക്കും, 

ഒരു പകല്‍ക്കിനാവില്‍ കയറിയിറങ്ങാനെടുക്കും 
ഒരായുസ്സിന്റെ സമയം, ദൂരം. 
നുറുവോള്‍ട്ടിന്റെ വെളിച്ചം, 
മാക്‌സിമത്തില്‍ കറങ്ങുന്ന ഫാന്‍ 
ടോപ്പ് വോള്യത്തിലുള്ള മിണ്ടല്‍ അയാള്‍ക്ക.് 
അവള്‍ക്കൊരു സീറോ വാള്‍ട്ട് തെളിച്ചം മതി 
ഇരുട്ടിലെ ഇത്തിരി വെളിച്ചം പോലും മതി, 
ഇലയടര്‍ന്നൊരൊച്ചമതി
ചിറക് മേഘങ്ങളോടുരയുന്നത്രപോലും മതി. 
എല്ലാം മിനിമത്തിലാണവള്‍ക്കു പഥ്യം. 

അളാലറും, ഹോ, എങ്ങനെ സഹിക്കും?
അവളോ വിതുമ്പും, എങ്ങനെ സഹിക്കും!

No comments: