വെറുക്കാനാണേലും വേണം കുഞ്ഞേ
കുറച്ചൊക്കെ ശക്തീം ആരോഗ്യോം.
മരിക്കാനാവുമ്പോ
അല്ലെങ്കില്‍
വല്യ വല്ല മഹാമാരീം വരുമ്പോ
ചെല അപ്പാപ്പന്മാരുടേം അമ്മച്ചിമാര്‌ടേം
ആരോഗ്യൊക്കെ പോവും.
അപ്പോ അവര്‌ടെ മനസ്സീന്ന്
വെറുപ്പൊക്കെയില്ലാണ്ടാവും .
സൂക്കേടൊക്കെ മാറി
ഇത്തിരി കഞ്ഞീം വെള്ളോം കുവ്വപ്പൊടീം കുടിച്ച്
ഇച്ചിരി ചോരേം നീരും വെച്ചുവന്നാത്തൊടങ്ങും
പിന്നേം കുശുമ്പും കുറ്റം പറച്ചിലും.
സ്‌നേഹിക്കാനാണെങ്കിപ്പറയണ്ട,
പൂര്‍ണ ചന്ദ്രനെപ്പോലെ
ചന്ദ്രികയെപ്പോലെ ശക്തയായിരിക്കണം,
ശക്തനായിരിക്കണം,
അകോം പൊറോം നെറഞ്ഞിരിക്കണം.
തുലാവര്‍ഷത്തെ അമ്പലക്കൊളമായിരിക്കണം.
നിറയെ ആമ്പലും ചെന്താമരേം ഉണ്ടാവണം,
മുല്ലപ്പടര്‍പ്പാകെ മൊട്ടും പൂവുമായിരിക്കണം.
നാക്കിലമുറിച്ചുവെച്ച് എട്ടുകൂട്ടം കറീം
പപ്പടോം പാല്‍പ്പായസോം
വേണ്ടോണമളവിലും പാകത്തിലും
വിളമ്പിയമട്ടുണ്ടാവണം.
നിറതിരിയിട്ട തെളിച്ചോം എണ്ണമണോം വേണം.
സ്‌നേഹം ഒരു പൂര്‍ണതയാണു കുഞ്ഞേ,
മറ്റൊക്കെ നമ്മുടെ അപൂര്‍ണതകളും....
No comments:
Post a Comment