ഇന്നലെ പത്രവാര്‍ത്തകളുവായിക്കുന്ന കൂട്ടത്തില്‍ കൂടം കുളം സമരത്തെക്കുറിച്ച് ഞങ്ങടെ മാഷ് പറഞ്ഞു, സിന്റ്രെല്ലയുടേം ദുഷ്ടത്തിച്ചെറിയമ്മേടേം വലയില്‍ക്കുരുങ്ങിയ മാന്‍കൂട്ടിയുടേം ദുഖകഥകേട്ട അതേ നിലവിളിമന്നസ്സോടെ ഞങ്ങളവരുടെ കഥകള്‍കേട്ടു.
ഞങ്ങളിലധികവും പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. അച്ഛനും അമ്മയും കൂലിവേലയ്ക്കുപോയാണ് എന്റെ കുടുംബം പുലരുന്നത്. അമ്മ കുരയും പനിയും ഒക്കെ വന്നാലും പണിക്കുപോകും. അമ്മയ്ക്ക് കുറച്ചുപണമേ കൂലികിട്ടുള്ളൂ. എന്നാലും അതുകിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണംത്തിനുവരെ കഷ്ട
പ്പാടുകള്‍ തുടങ്ങും. എന്നാലും എനിക്കോ എന്റെ ഏട്ടനോ അനിയത്തിയ്‌ക്കോ ഒന്നും ആ അവിടുത്തെ കുട്ടികള്‍ക്കുള്ള സങ്കടങ്ങളില്ല, എന്റെയനിയത്തിയ്ക്ക് അച്ഛനുമമ്മേം വീട്ടിലുണ്ടായാല്‍ മാത്രംമതി. അച്ഛന്റേം അമ്മേടോം നടുക്ക് ഒരുകൈകൊണ്ട് അമ്മയേം ഒരു കൈകൊണ്ടച്ഛനേം കെട്ടിപ്പിടിച്ച് അമ്മ ഓ...ഓ...എന്നു മൂളുന്നതും കേട്ട് -പാവം എന്‍#ോറെ അമ്മ ആകെയറിയുന്ന ഒരു പാട്ടാണ് ഈ ഓ....ഓ....-അങ്ങനെ കിടന്നുകിടന്നുറങ്ങിയാല്‍ മതി, എനിക്കും അതു മതി.
അവിടുത്തെ കുട്ടികള്‍ വീട്ടില്‍ അച്ഛന്റേം അമ്മേടേം അടുത്തുറങ്ങിയിട്ട് എത്രയോ ദിവസങ്ങളായെന്നു കേട്ടിട്ട് കുറേപേര്‌ടെ അമ്മമാര്‍ ജയിലില്‍ പോലീസുമാര്‌ടെ അടിം കുത്തും ഒക്കെകിട്ട് കെടക്കുകയാന്ന് കേട്ടിട്ട് എനിക്ക് ഉറക്കെ നിലവിളിക്കാന്‍തോന്നി. എന്തിനാണാ പാവം മനുഷ്യരെ ഇങ്ങനെ കഷ്ട്‌പ്പെടുത്തുന്നതെന്ന് എത്രയാലോചിച്ചിട്ടും ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല.
വൈദ്യതിയുണ്ടാക്കുന്ന ഒരു കമ്പനിയ്‌ക്കെതിരെയാണ് സമരം എന്നു മാഷ് പറഞ്ഞു തന്ന് , ജപ്പാനിലെ ഹുക്കുഷിമ അപകടത്തെക്കുറിച്ചും ചെര്‍ണോണോബില്‍ അപകടത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഹിരോഷിമാദിനത്തില്‍ സ്‌ക്കൂള്‍മുറ്റത്ത് ചൂടി വലിച്ചുകെട്ടി അതില്‍ ചിത്രങ്ങള്‍ തൂക്കിയിട്ട് വേണ്ട വേണ്ട വേണ്ടയിനിയ ആണവ ദുരന്തങ്ങളെന്ന് ഞങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. ഞങ്ങള്‍ കളിച്ചുവന്നാല്‍ ചൂടുമാറിക്കിട്ടാന്‍ ഇത്തിരി നേരം ഫാനിടുന്നതുകൊണ്ടും യൂനിഫോം ചുളിയാണ്ടിരിക്കാന്‍ ഇസ്തിരിയിടുന്നതുകൊണ്ടുമാണോ പിന്നെയും പിന്നെയും ആണവ നിലയങ്ങള്‍ ഉണ്ടാക്കുന്നത്! അതു കൊണ്ടാണോ ഇടിന്തകരയിലെ ഞങ്ങളുടെ ചങ്ങാതിമാര്‍ക്ക് കടല്‍ത്തീരത്തു പന്തുകളിക്കാന്‍ പറ്റാതെ, വിജയിന്റെയും സൂര്യയുടേമൊക്കെ പുതിയ സിനിമ വന്നോ എന്നുനോക്കാന്‍ പറ്റാതെ അമ്മയെ ഇല്ലാതെ ഇങ്ങനെ കഷ്ടപ്പെടേമ്ടി വരുന്നത്? അമ്മ പനിച്ചു തുമ്മിയും ചണ്ടിവാരലിനു യൂനിഫോമുമായിറങ്ങിയാല്‍ എന്റെയനിയത്തി മുറ്റത്തോടിയിറങ്ങി അമ്മേടെ കുപ്പായം പിടിച്ച് വലിച്ചിട്ടു പറയും വേണ്ടമ്മാ അമ്മയിന്നു പോണ്ട, നമ്മുക്കിന്ന് ചീരക്കറിവെയ്ക്കാമെന്ന്.. അവളുവിചാരിക്കുന്നത് അവള്‍ക്ക് മീന്‍കറിയിഷ്ടായതുകൊണ്ട് മീന്‍വാങ്ങാന്‍ വേണ്ടിയാണമ്മ പണിക്കുപോകുന്നതെന്നാണ്. അതു പോലെ ഞങ്ങളും പറയാം വേണ്ട, വേണ്ട..ഞങ്ങള്‍ ഫാനും കാറ്റും വേണ്ട. ഞങ്ങള്‍ക്ക് യൂനിഷോമുകളിനി ഇസ്തിയിരിയിട്ട് ഉടുക്കണമെന്നു മില്ല.
ഈ രാജ്യം ഞങ്ങളുടെ സ്വന്തം രാജ്യമാണെന്നും രാജ്യം എല്ലാവരുടേം അമ്മയാണെന്നും ഞങ്ങളെന്നും അസംബ്ലിയില്‍ ഉറക്കെ പ്രതിജ്ഞചൊല്ലാറുണ്ട്, അങ്ങനെ വിളിച്ചുപറയുമ്പോള്‍ ഞങ്ങള്‍ക്കെന്തൊരൊച്ചയാണെന്നോ...ഇങ്ങേയറ്റത്തു നിന്നുള്ള ഞങ്ങളുടെ ഒച്ചകള്‍ അങ്ങയേയറ്റത്തുള്ള ഞങ്ങളുടെ ചേട്ടന്മാര്‍, ചേച്ചിമാര്‍ അനുജന്മാര്‍ അനുജത്തിമാര്‍ ഹിന്ദിയിലും കാശ്മീരിയിലുമൊക്കെയിപ്പോള്‍ കേള്‍ക്കുന്നുണ്ടാവുമെന്ന് മാഷ് പറഞ്ഞതുകേട്ട് ഞങ്ങല്‍കോരിത്തരിച്ചിട്ടുണ്ട്..പക്ഷെ ഇപ്പോള്‍ സത്യമായും ഞങ്ങള്‍ക്കു സംശയം തോന്നുന്നു, ഈ രാജ്യം മീന്‍പിടിക്കുന്നവരും ചണ്ടികോരുന്നവരും നെല്‍വയലിലും ഗോതമ്പുവയലിലുമൊക്കെ പണിചെയ്യുന്നവരുമായ പാവപ്പെട്ടമനുഷ്യരുടെ രാജ്യം തന്നെയോ എന്ന്...
ഞങ്ങള്‍ അസംബ്ലിയക്ക് എന്നു രാവിലെ വെറും നുണയാണോ പറഞ്ഞോണ്ടിരിക്കുന്നതെന്ന്...
ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്താല്‍ അവരോടു ഉറക്കെ ശബ്ദിച്ചതുകൊണ്ട്, തര്‍ക്കിച്ചതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് ഞങ്ങളുടെ മാഷ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ തെറ്റുചെയ്തു എന്നു പൂര്‍ണ ബോധ്യം വന്നാല്‍ അവരുടെ മുന്നില്‍ചെന്ന് അരുത് എന്നപേക്ഷിച്ചുകൊണ്ട് വലതുകൈവിരലുകള്‍ ശക്തമായി മേലോട്ടുയര്‍ത്തണമെന്നാണ് മാഷ് പറഞ്ഞത്... ഇപ്പോള്‍ ഞങ്ങളതുചെയ്യുന്നു, ഈ രാജ്യത്തിലെ ഇതിനൊക്കെ ഉത്തരവാദികളായ വലിയ മനുഷ്യരുടെ മുന്നില്‍ ഞങ്ങള്‍ ഒരു പക്ഷെ ഈ രാജ്യത്തെ മുഴുവന്‍കൊച്ചു കുട്ടികളും ഞങ്ങളുടെ കുഞ്ഞു വിരലുകള്‍ ശക്തമായി മേലോട്ടുയര്‍ത്തുന്നു അരുത്... അരുത്.. എന്ന്..
No comments:
Post a Comment