പ്രണയവും ഒരു ഋതുവാണ്.
പ്രണയവും ഒരു ഋതുവാണ്,
ഒരു പ്രത്യേകസ്ഥലം.
എല്ലാ മരങ്ങളും പൂവണിഞ്ഞു നില്‍ത്തുന്ന
ഒരിടം സങ്കല്‍പിക്കൂ,
അതുപോലൊന്ന്...
കടലില്‍ച്ചെന്നു വീഴും മുമ്പ്
ഒരിടത്തും തട്ടിത്തടഞ്ഞുനിന്നുപോകാനിഷ്ടപ്പെടുന്നില്ല
ഒരു പുഴ.
അതെത്ര സുന്ദരമായ താഴ്വാരങ്ങളെ പിന്നിടുന്നു!.
എത്രയമുനാതടങ്ങള്‍ ,
എത്ര പൂമരത്തണലുകള്‍,
പുഴ, ഒഴുക്ക്
സ്‌നേഹത്തിന്റെ സമര്‍പ്പണങ്ങളൊന്നും
തിരസ്‌ക്കരിക്കുന്നില്ല,
എന്നാല്‍ ഒരുപ്രലോഭനത്തിനുമുന്നിലും
സ്വയം നഷ്ടപ്പെട്ടുപോകുന്നുമില്ല..
ഒരുസഞ്ചാരിയുടെ ജന്മവും
എവിടെയും തടഞ്ഞു നില്‍ക്കുകയില്ല.
എല്ലാഋതുക്കളിലൂടെയും അതു കടന്നുപോകുന്നു,
ഒഴുകിപ്പോകുന്നു.
കടന്നുപോകുന്ന സ്ഥനങ്ങളെ നനവുള്ളതാക്കുകയും
പച്ചയണിക്കുകയും പൂവണിയിക്കുകയും
ഒക്കെ ചെയ്യുന്നു,
പക്ഷെ അവിടെയൊന്നും അതവസാനിക്കുന്നില്ല.
രതിയിലൂടെ, വിരതിയിലൂടെ,
പ്രണയങ്ങളിലൂടെ, പരിത്യാഗങ്ങളിലൂടെ
അത് അതിന്റെ സ്ഥായിയായ വിശ്രമസ്ഥലത്തേയ്ക്ക്,
കടലിലേയ്ക്ക് ഓടിപ്പോകുന്നു....
No comments:
Post a Comment