ദാഹത്തിനെനിക്കൊരു
കൈക്കുമ്പിള്‍ വെള്ളമേ വേണ്ടൂ.
പക്ഷെയതാറ്റൊഴുക്കിലെ,
തോരാത്ത വര്‍ഷത്തിലെ,
വെള്ളത്തിന്നതിരിരറ്റ
പ്രളയാന്തപ്പരപ്പിന്റെ...
കോപ്പയില്‍ കുടിച്ചാലൊന്നും
തീരില്ലാ ജലാസക്തി.
തനിച്ചു പാര്‍ക്കാനൊരു
കരിയിലക്കൂടേ വേണ്ടൂ,
പക്ഷെയക്കൂടെനിക്കൊരു
വിസ്തൃത വനത്തിന്റെ,
മഹാ മാമരത്തിന്റെ-
യങ്ങേച്ചില്ലയില്‍ വേണം...
വേരാഴ്ത്താനെനിക്കൊറ്റ
മണ്‍തരി മാത്രം മതി
എങ്കിലുമാ മണ്‍തരി
യനാദി കാലത്തിന്റെ-
യനന്തസ്ഥലത്തിന്റെ
ഉറവാര്‍ന്നൊരൊറ്റത്തരി...
No comments:
Post a Comment