ഉടഞ്ഞ വീട്ടുപകരണങ്ങളില്‍ ചിലത്,
കരിഞ്ഞുണങ്ങിയ വൃക്ഷങ്ങളില്‍ച്ചിലത്,
ഭൂകമ്പത്തിലോ
ചരിത്രത്തിന്റെ കുഴമറിച്ചിലിലോ പെട്ട്
പാതിയിടിഞ്ഞ ഒരു മണ്‍വീട്,
കൊടുങ്കാറ്റിലടി തകര്‍ന്ന് കരയ്ക്കടിഞ്ഞ കപ്പല്‍,
റോഡാക്‌സിഡന്റില്‍
രണ്ടു കാലുകളും നഷ്ടപ്പെട്ടു പോയ
മുനിയാണ്ടിയെന്ന
അകാല വൃദ്ധനായ പിച്ചക്കാരന്‍,
പ്രണയഭംഗത്തില്‍ മനോനില തകരുകയും
അലയുന്ന ചൂളം വിളിയായി
പരിണമിക്കുകയും ചെയ്ത
ഇന്റര്‍മീഡിയറ്റ് പ്രായം മാത്രമുള്ള പെണ്‍കുട്ടി,
പില്‍ക്കാലം
വക്രരേഖകള്‍ കൊണ്ടോ മൗനം കൊണ്ടോ ഉള്ള
ഒരു സൗന്ദര്യരൂപമായി,
ഒരു ശില്‍പമായി,
പെയ്തു തോരാത്ത സിംഫണിയായി
പുനരുത്ഥാനം നേടുകയും
ജീവിതത്തിനും മരണത്തിനുമപ്പുറം ചെന്ന്
നിതാന്തത എന്ന
അസ്ഥിത്വത്തിന്റെ മൂന്നാം മാനം
പ്രാപിക്കുകയും ചെയ്യുന്നു.
No comments:
Post a Comment