ഇച്ചിരിയിഞ്ചി
മൊളവരാന്‍ വെച്ചിട്ടൊണ്ടാര്‌ന്നേ.
അയലോക്കക്കാരന്‍,
തള്ളയാട്
ദുരിശം കിട്ടിക്കെടക്കുന്നൂന്ന് പറഞ്ഞ് വന്നപ്പോ അപ്പഴത്തെയൊരാന്തപ്പോന്തത്തിന്
ഒക്കെയെടുത്തങ്ങ് കമിഴ്ത്തി.
പിറ്റേന്നാട് ചത്തു.
ഞാനിഞ്ചീല്‍
കൈവെഷം വെച്ചതാന്നയാള്
പറേന്നതു കേട്ടെന്ന്
അയാള്‌ടെ പെണ്ണുംപിള്ളയെന്നോട്
കെണറ്റിങ്കരേക്കണ്ടപ്പം കുശു കുശുത്തു.
എനക്കതോര്‍ത്തിട്ട്
ഇഞ്ചിത്തൈര് കറീലൊഴിച്ചമായിരി
ഇച്ചിരി പുളിപ്പുള്ളൊരെരിവ് തോന്നി.
അതിലിച്ചിരി ഭയ ബഹുമാനങ്ങളുണ്ട,്
യിവനെക്കൊണ്ടും പലതും കൂടുമെന്നൊരു
തോറ്റു തരലുണ്ട്, ഇല്ലേ...
ഞാനപ്പെമ്പിള്ളയോട് ചോദിച്ചു.
അവക്കീ കഴിഞ്ഞ പ്രായത്തിലും
എന്തു മിണ്ടിയാലും നാണച്ചിരി,
നുണക്കുഴി.
No comments:
Post a Comment