13 Jul 2012

ബാക്കി






സ്‌നേഹിതാ, 
നീ ബാക്കി വെച്ചതൊക്കെയും 
ഇതാ 
അങ്ങനെ തന്നെയിവിടെയുണ്ട്. 


റയില്‍വേപ്പാളങ്ങള്‍ക്കപ്പുറത്തെ, 
പച്ചമരങ്ങള്‍ക്കുമപ്പുറത്തെ, 
ആകാശത്തെ കാണിച്ചു തരുമായിരുന്ന 
ജാലകത്തിന്നടുത്തുള്ള ചുമരില്‍ 
നിന്റെ ചാരിയിരിപ്പിന്റെ എണ്ണപ്പാട്. 
പിന്നെയും കത്തിക്കാനായി 
നീയെടുത്തു വെച്ച 
പാതിയെരിഞ്ഞ തെരുപ്പു ബീഡി. 
കഫക്കാറലൊച്ചയാല്‍ 
നീ പാടുമായിരുന്ന ഇടശ്ശേരി. 
ജനാലക്കമ്പിയില്‍ 
ആയിരം ദ്വാരങ്ങള്‍ വീണ 
നിറം കെട്ട തോര്‍ത്തുമുണ്ട്. 
മരറാക്കില്‍ 
ചിട്ടയില്ലാതടുക്കി വെച്ച 
മുഷിഞ്ഞ പുസ്തകങ്ങള്‍. 
ഒരിക്കലും ചേര്‍ന്നു ചേര്‍ന്നിരിക്കാനിടയില്ലാത്ത 
നിന്റെ നിലതെറ്റിയ വിചാരങ്ങള്‍, 
സീലിങ്ങില്‍ പഴയ ഫാനഴിച്ചു മാറ്റിയിടത്തെ 
കമ്പിക്കൊളുത്ത്, 
ജീവിതത്തില്‍ നിന്നു 
മരണത്തിലേയ്ക്കു കുതിക്കവേ 
നീ കാല്‍ വിരലിനാല്‍ തട്ടിമറിച്ചിട്ട മരക്കസേര. 
നിലത്ത് എത്ര തുടച്ചിട്ടും മായാതെ 
മരണ ദ്രവത്തിന്റെ കറ. 
സിദ്ധാന്തങ്ങള്‍ക്കൊടുവില്‍് 
വിളക്കണഞ്ഞു കഴിഞ്ഞാല്‍ 
ചകിതനായ ചെറു പയ്യനെപ്പോലെ 
നീ പിന്നില്‍  നിന്നും ചുറ്റിപ്പിടിക്കുമ്പോള്‍ 
നിറയുന്ന നിന്റെ പാവം മണം. 


ബാക്കിയില്ലാത്തത്, 
നിന്റെ മെലിഞ്ഞ, 
കനമില്ലാത്ത 
ആ ഇരുണ്ട ശരീരം മാത്രം. 

No comments: