ചുണ്ടുകളനക്കിക്കൊണ്ട്
അവള്‍ സ്വപ്നം കാണുകയായിരുന്നു.
പിറുപിറുപ്പു കേട്ടുണര്‍ന്ന്
അയാള്‍ സാക്ഷിയായി.
അവളപ്പോള്‍ ഐശ്വര്യവതിയും
സുന്ദരിയുമായി കാണപ്പെട്ടു.
എല്ലാ വേദനയും അടങ്ങിയവള്‍.
ഒരിക്കലും മാറുകയില്ലെന്ന്
ഡോക്ടര്‍ വിധിയെഴുതിയ അപസ്മാരമടക്കം
എല്ലാ രോഗവും ശമിച്ചവള്‍.
കണ്ണുകള്‍ക്കു കീഴിലെ കരിവാളിപ്പ്
കഴുത്തിനു കീഴിലെ
അസ്ഥികളുടെ എടുത്തു പിടിപ്പ്
എല്ലാം അപ്രത്യക്ഷമായി.
മുത്തശ്ശി മഞ്ഞളും ചന്ദനവും തേച്ചു
പരിപാലിച്ച പോരുന്ന
പതിനേഴു കാരിയെപ്പോലെ മൃദുലയായി.
നിശ്വാസത്തിന് ഗുളികമണം ഇല്ലാതായി.
രാത്രി വിരിഞ്ഞ പൂവില്‍ നിന്നെന്നപോലെ സുഗന്ധം .
അവളുടെ പിറുപിറുപ്പുകളിലേയ്ക്കയാള്‍
കാതു ചേര്‍ത്തു വെച്ചു.
അത് അവളുടെ ചിലമ്പിച്ച,
അകാരണമായി പെട്ടിത്തെറിക്കുന്ന,
ഏങ്ങുന്ന ഭാഷയായിരുന്നില്ല,
മേഘങ്ങളുടെയോ വൃക്ഷങ്ങളുടെയോ ഭാഷ.
വാക്കുകള്‍ക്കിടയില്‍ ധാരാളം ഒഴിവിടം.
നീരൊലിപ്പിന്റെതുപോലെ ഈണം.
അപ്പുറം ദൈവമോ
എന്നു തോന്നിക്കുന്ന മയം.
ഗന്ധര്‍വ്വനോ എന്നു തോന്നിക്കുന്ന
നിറയെ പരിഭ്രമമുള്ള പ്രേമം.
രാവിലെ
തുറന്നിട്ട ജാലകത്തോടു ചേര്‍ത്തു
നിവര്‍ത്തിക്കെട്ടിയ ചിലന്തിവലയില്‍
മരണവിശ്രാന്തിയില്‍ക്കിടന്ന
നിശാശലഭത്തെ നോക്കി നില്‍ക്കെ
അകത്തു നിന്ന,് പതിവുപോലെ,
മരിച്ച ഒരാളുടെ ശബ്ദം
നിങ്ങളുടെ ചായ തണുക്കുന്നു
എന്നയാളെ വിളിച്ചു.
No comments:
Post a Comment