അവള്‍ മരണ ശയ്യയില്‍.
മരണം കണ്ണുകള്‍ കെടുത്താന്‍ വേണ്ടി കാറ്റൂതി.
പിടഞ്ഞ് പിടഞ്ഞ് ആ നീലത്തിരി
ഇപ്പോള്‍കെടും.
പക്ഷെ അയാള്‍ വിചാരിച്ചു,
അവള്‍,
അവളുടെ വിരലുകള്‍, നഖങ്ങള്‍,
കാല്‍പ്പടം, നെരിയാണി, കണംകാല്‍,
തുടകള്‍, യോനീഭാഗം,
പുറം, അരക്കെട്ട് ,
നാലുമക്കളെ പേറിയുറക്കിയ അടിപ്പള്ള,
ഇത്തിരിയും പഴകിയിട്ടില്ല.
അവറ്റകളെ നാലഞ്ചുകൊല്ലം വെച്ച്
അമ്മിഞ്ഞയൂട്ടീട്ടും മുലകള്‍ ഇടിഞ്ഞിട്ടില്ല.
മുടി നരച്ചിട്ടില്ല,
കവിളൊട്ടിയില്ല, പല്ലുകള്‍ ദ്രവിക്കുകയോ
അഴുകുകയോ ചെയ്തില്ല.
നീരുവന്ന് പേശികള്‍ കനം കൂങ്ങിയിട്ടില്ല,
രക്തസമ്മര്‍ദ്ദംകൊണ്ട്
ഞരമ്പുകള്‍ വിങ്ങിവീര്‍ത്ത്
ചെടവേരുകെട്ടിയ മരം പോലെ വികൃതമായിട്ടില്ല.
അവള്‍ക്ക് ഇപ്പോഴും
തന്റെ ഹൃദയം പടപടാന്ന് മിടിക്കുന്നതുപോലും
കേള്‍ക്കാന്‍ കഴിയുന്നുണ്ട്.
കളിയാക്കിച്ചിരിയുടെ വെയില്‍
ചുണ്ടിലേക്കൊലിക്കുന്നുണ്ട്.
അവള്‍ക്ക് ഇപ്പഴും
ജീവിതത്തിന്റെ സൗരഭ്യം.
അവള്‍ മരിച്ചിട്ടും ജീവിക്കുന്നു,
താനോ, ജീവിച്ചിരിക്കെ തന്നെ മരിച്ചു.
No comments:
Post a Comment