കാലത്തെ തോല്പിച്ചവള്‍
ഇന്നലെ പത്തുനാല്‍പ്പതു
കൊല്ലം കഴിഞ്ഞു ഞാനെന്റെ
കൗമാരക്കടച്ചില്‍ക്കാലം
മിന്നലായ് കത്തി നിന്നൊരു
പെണ്ണിന്റെ ചൊന്നാലൊട്ടും
വിശ്വാസം വരാത്തത്ര
പണിക്കുറ തീര്‍ന്ന രൂപത്തെ
യദൃച്ഛയാ കണ്ടു മുട്ടുന്നു.
അതൊരു പഴേമട്ടു
കളിപ്പാട്ട വില്പനക്കട,
എനിക്കൊരു പാവയെ വേണം,
ഒരാള്‍ക്കു സമ്മാനിക്കാന്‍.
പണപ്പൊതി തുറക്കുമ്പോള്‍
കടക്കാരി ചിരിച്ചും കൊ-
ണ്ടിയാളെന്നെ മറന്നോയെന്ന്.
നുണക്കുഴിപ്പൂമണത്താലെ
യെനിക്കെന്റെ പ്രാണനെപ്പാമ്പ്
കൊത്തിയ ബോധക്ഷയം.
അരക്കാപ്പി മുത്തിക്കൊണ്ടു
ചോദിച്ചൂ; കാലത്തെ നീ
തോല്‍പ്പിച്ചതേതു വിദ്യയാല്‍?
പറയില്ലതു പറഞ്ഞാലാ
നിമിഷം ജരാ നരാ
ബാധയാല്‍ മൂടിപ്പോകു
മെന്നവള്‍ ബിസ്‌ക്കറ്റൊന്നു
കടിച്ചും കൊണ്ടോതിയുത്തരം.
എനിക്കാ കീഴ്ച്ചുണ്ടിലെ
യിത്തിരി ബിസ്‌ക്കറ്റ്തരി
മുരത്ത വിരല്‍ത്തുമ്പാല്‍
പതുക്കെ തുടയ്ക്കാന്‍ തോന്നി.
No comments:
Post a Comment