കളിയും പുകിലുംകഴിഞ്ഞിത്തിരി വൈകി
പുരയിലേയ്ക്കു മടങ്ങവേ
അഭിരാമിന്
ഇടവഴിയില്‍ നിന്നൊരു മുഖം വീണുകിട്ടി.
നിലത്തേയ്ക്കു തിരിഞ്ഞായിരുന്നു കിടപ്പ്
കാലോണ്ടു തട്ടിയപ്പോള്‍ മുഖാമുഖമായി.
ആകെ പൊള്ളിയിരുന്നു.
ഇന്നാരെന്നു പറയാനാവാത്ത വിധം
ചതഞ്ഞും മുറിഞ്ഞും അടര്‍ന്നുമിരുന്നു.
എന്നാലും ഒരു മുഖമല്ലേ.
ചെളി പറ്റിയ ഉണ്ണിമാങ്ങയെ
തിന്നാന്‍ പാകത്തിലാക്കുന്ന
അതേ മിടുക്കോടെ വെടിപ്പു വരുത്തി.
വീടെത്തിയപ്പോള്‍ അമ്മ, വനജ
കുട്ടീടെ കയ്യിലെന്താണെന്നു കണ്ടന്തംവിട്ടു.
കൊണ്ടക്കളയെടാ പൊട്ടാ, എന്നാക്രോശിച്ചു,
ചെക്കനതുമായി പടിയിറങ്ങിത്തുടങ്ങിയപ്പോള്‍
ആരാണത് എന്നറിയാനൊരാന്തലായി.
തിരികെ വിളിച്ചടുത്തുവെച്ചു നോക്കി.
ഒറ്റനോട്ടത്തിലേ തോന്നി പലരേം .
തിരിച്ചു നോക്കിയപ്പോഴത്തെയാളല്ല
മറിച്ചു നോട്ടത്തില്‍.
കണ്ണിലെയാളല്ല കാതില്‍.
മൂക്കുകൊണ്ടൊരാള്‍.
ചുണ്ടടപ്പുകൊണ്ട് വേറൊരാള്‍
വറ്റിയ ഒച്ചയുടെ ഊറല്‍കൊണ്ട് പിന്നെയൊരാള്‍....
എത്രപേരാണ് ഇങ്ങനെ പൊള്ളിച്ചകളുമായി
പൂഴിമണ്ണില്‍ നിന്ന് കണ്ടു പിടിക്കപ്പെട്ട്
തിരികെക്കൊണ്ടുവരാവുന്നവരായി...
കളഞ്ഞേയ്ക്ക്,
അവള്‍ കുഞ്ഞിനോടു പറഞ്ഞു...
ആരായിട്ടിനിയെന്ത്....
No comments:
Post a Comment