13 Apr 2013

വിഷുക്കൈനീട്ടം



പത്തിരുത്തിനാലുകൊല്ലം മുമ്പത്തെ ഒരു വിഷു. ഞാനൊരു സ്‌ക്കൂളില്‍ മാഷായി ജോലി ചെയ്തു തുടങ്ങിയതിനുശേഷമുള്ള  ആദ്യത്തെ വിഷുവായിരുന്നു. ഉച്ചതിരിഞ്ഞ സമയം. അമ്മ കോലായത്തുമ്പത്തിരുന്ന് മുടിചിക്കറത്തു കൊണ്ടിരിക്കെ തൊട്ടയല്‍പക്കത്തെ ഒരമ്മൂമ്മ കയറി വന്നു. ഞാനെന്റെ മുകള്‍ മുറിയിലിരുന്ന് ആ വിഷുക്കാലപ്പതിപ്പുകളെന്തോ വായിക്കുകയായിരുന്നു. നിറയെ കൊന്നപ്പൂക്കളുടെ മുഖചിത്രമുള്ള ഒരു കലാകൗമുദിവാരികയുടെ മഞ്ഞപ്പ് എന്റെ ഓര്‍മ്മയിലുണ്ട്. ആ അമ്മൂമ്മ എന്റെ കയ്യില്‍ നിന്ന് ആദ്യം ജോലിക്കാരാനായ വകയിലുള്ള കൈനീട്ടം വാങ്ങിക്കാന്‍ വന്നതായിരുന്നു. 

അമ്മ എന്നെ താഴോട്ടു വിളിച്ചു. ഞാനിറങ്ങിച്ചെന്നു. 
അമ്മൂമ്മ നിന്നെ കാണാന്‍ വന്നതാ, നിന്റെ കയ്യില്‍നിന്ന് കൈനീട്ടം വാങ്ങാന്‍, എന്ന് അമ്മ പറഞ്ഞു. ഞാന്‍ കെറുവിച്ച മുഖത്തോടെ അമ്മയെ ഒന്നു നോക്കി. അമ്മൂമ്മ സ്‌നേഹത്തോടെയും കുസൃതിയോടെയും എന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ അന്നത്തേതിനും ഒരിരുപതു കൊല്ലം മുമ്പ് അമ്മയെന്നെ പെറ്റിട്ടപ്പോള്‍ കുഞ്ഞിനെക്കാണാന്‍ വന്ന്, എന്റെ പോളതുറക്കാണ്ണിലേയ്ക്കു നോക്കി അവര്‍ ചിരിച്ച അതേ വാല്‍സല്യച്ചിരിതന്നെയായിരുന്നു അത്... പക്ഷെ ഞാനവരെ ഒന്നു നോക്കുക പോലും ചെയ്യാതെ അവിടുന്നെഴുന്നേറ്റു പോന്നു. വിഷുവിനോട്, ഓണത്തോട് എല്ലാ ആചാരങ്ങളോടും, കൈനീട്ടം വാങ്ങിക്കലിലെ ദാസ്യമനോഭാവത്തോടും  ശുണ്ഢി പിടിക്കുകയും കെര്‍വ്വിക്കുകയും ചെയ്യുമായിരുന്ന ഒരു കാലമായിരുന്നു അത്. അമ്മയുടെയോ  അമ്മൂമ്മയുടെയോ മുലപ്പാല്‍ മണമുള്ള വാല്‍സല്യത്തെ കുടിക്കാന്‍ നീട്ടിയ പാല്‍ക്കിണ്ണം പുറങ്കാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുംപോലെ ഞാന്‍ തട്ടിയെറിഞ്ഞു...
കുറച്ചുനേരം അമ്മയോടെന്തോ കഥ പറഞ്ഞിരുന്ന് പായസമൊക്കെ കുടിച്ച് അവരിറങ്ങിപ്പോയി. അമ്മ സ്വന്തം മടിശ്ശീല തുറന്നൊരു നാണയമോ ഒരുറുപ്പികയോ അവര്‍ക്ക് കൈനീട്ടം നല്‍കിയിരുന്നുമിരിക്കണം.. 
പിന്നീട് നീയെന്താ അങ്ങനെ പെരുമാറിയതെന്ന് അമ്മയെന്നോടു ചോദിച്ചില്ല. 

അതു കഴിഞ്ഞുള്ള ഓരോ വിഷുവിലും ഞാനവരുടെ വരവും ഇരിപ്പും ചിരിയും തലയാട്ടലും ഓര്‍മ്മിക്കും. നിറയെ വെളുത്ത മുടിയിഴകള്‍കൊണ്ടു പൊതിഞ്ഞ ആകര്‍ഷകമായ മുഖമായിരുന്നു അവരുടേത്. അവരോട് ചെയ്ത തെറ്റു തിരുത്താന്‍ ഒന്നു രണ്ടു വിഷുക്കള്‍ കൂടി എനിക്കനുവദിക്കപ്പെട്ടിരുന്നു. പക്ഷെ എന്റെ അഹന്തയോ അശ്രദ്ധയോ കൊണ്ട് എനിക്കാ കടം വീടാന്‍ പറ്റിയില്ല. 

ഇന്നലെ സ്‌ക്കൂളില്‍ കുഞ്ഞുക്കുട്ടികള്‍ക്ക് കൈനീട്ടം കൊടുത്തോണ്ടിരിക്കെ ഈ കൈനീട്ടക്കടത്തിന്റെ ഓര്‍മ്മ തികട്ടിത്തികട്ടി വന്നു. ആ കടം പലിശസഹിതം എനിക്കിന്നു വീടാന്‍ കഴിഞ്ഞേയ്ക്കും..പക്ഷെ എങ്ങനെ? ആരത് കൈപ്പറ്റും... അവരുടെ ചിതാ ഭൂമിയില്‍ച്ചെന്ന് കുറച്ചു നോട്ടുകള്‍ വിതറിയിടാന്‍ പറ്റുമോ...

നമ്മളൊരാളെ മുറിവേല്‍പ്പിച്ചാല്‍ അവരുടെ ശരീരത്തില്‍ നിന്ന് ആ മുറിവ് കാലം  ചെല്ലുമ്പോള്‍ മാഞ്ഞു പോയേയ്ക്കും, പക്ഷെ നമ്മുടെ ആത്മാവില്‍ അതുണ്ടാക്കിയ ക്ഷതം ഒരിക്കലും മാഞ്ഞു പോവില്ല. അല്ലേ...

No comments: