27 Apr 2013

അന്തിവെയിലത്തെ പ്രണയം




അന്തിവെയിലത്തെ പ്രണയത്തിന്
പ്രഭാതത്തിലെ പനിനീരിതളുപോലെ മൃദുവായ 
തൊട്ടാലൊട്ടുന്ന നേര്‍ത്ത ചുവപ്പ് അല്ല,
വെയിലേറ്റതിന്റെ, വെന്തതിന്റെ, 
പാകം വന്നതിന്റെ,
ചാരനിറമോ ഇളം മഞ്ഞയോ. 

വ്യഗ്രതകള്‍ കുറവായിരിക്കും. 
കണ്ണിലൊ ചുണ്ടിലോ അല്ല 
മൂര്‍ദ്ദാവിലായിരുക്കും ആദ്യത്തെ ചുംബനം. 
വാല്‍സല്യവും കരുതലും കുറച്ചധികമായിരിക്കും, 
വേഗം കണ്ണുനനയും, ഒച്ചയിടറും.
ഒരു പനി വരുമ്പോഴേയ്ക്കും 
ഡോക്ടറെക്കണ്ടോ എന്നോ 
കുരുമുളകു കഷായമെങ്കിലും 
ഉണ്ടാക്കിക്കൂടിക്കൂ എന്നോ 
വേവലാതിപ്പെട്ടുകൊണ്ടിരിക്കും. 
പിണക്കങ്ങള്‍ കുറവായിരിക്കും.  
പ്രണയ സന്ദേശത്തിലെ വാക്കുകള്‍ക്കിടിയില്‍ 
മൗനത്തിന്റെ ആഴം ഏറെ കൂടുതലായിരിക്കും.
സാന്ധ്യ സവാരിപലെ 
അകവും പുറവും അധികം വിയര്‍പ്പിക്കില്ല,  

മധ്യ പ്രായത്തിലെത്തിയ ഒരാളുടെ പ്രണയം 
സമയത്തിന്റെ വെള്ളിനാണയങ്ങള്‍ ഓരോന്നും 
നാട്ടുമുത്താച്ചിയുടെ കോന്തല സമ്പാദ്യം പോലെ
അതീവശ്രദ്ധയോടെ വിനിയോഗിക്കും.

No comments: