2 Apr 2013

സ്വപ്നങ്ങളും ആകാശങ്ങളും




ആകാശത്തില്‍ മാത്രം ജീവിക്കുന്ന പക്ഷികളുണ്ട്. 
ആകാശത്തെ കുടിച്ച് 
ആകാശത്തെ തിന്ന്, 
ആകാശത്തിന്റെ അടരുകള്‍ക്കിടയിലെ 
ഇത്തിരി ഇരുട്ടുമറവില്‍ പൊത്തുണ്ടാക്കി, 
മുട്ടയിട്ട,് അടയിരുന്ന,് 
ആകാശത്തില്‍മുളച്ച്, 
ആകാശത്തു തന്നെ മരിച്ചു വീഴുന്നവര്‍...

ചിലര്‍ 
സ്വപ്നങ്ങളില്‍ ജീവിക്കുന്നു. 
സ്വപ്നങ്ങള്‍ കുടിച്ചും തിന്നും. 
സ്വപ്നത്തിന്റെ ഇരുട്ടറയില്‍ കൂടുകൂട്ടിയും 
ഇണചേര്‍ന്നും മരിച്ചും ദഹിച്ചും. 

ആകാശത്തിലെന്നപോലെ സ്പനത്തിലും ഉണ്ട്. 
ജലാശയങ്ങളും കൊച്ചരുവികളും 
കടലുംകാടും പുല്‍മേടുകളും . 
ഓരങ്ങളില്‍ നെല്ലും തിനയും വിളയുന്ന പാടങ്ങളും.

അതെയതേ, 
സ്വപ്നങ്ങളും ആകാശങ്ങള്‍ തന്നെ 
ഭൂമിയില്‍ വേരുള്ള ആകാശങ്ങള്‍.

No comments: