4 Apr 2013

തളിരുകളും ശിഖരങ്ങളും



ഒരു വിത്തിനെ നോക്കൂ, 
ഒരു പര്യവസാനമാണത്. 
ഒരു തുടക്കവും.
അടയുന്ന ഒരു വാതിലും
തുറക്കുന്ന ഒരു വാതിലും.

ഒരു ശില്പത്തെ, 
ഏതൊങ്കിലും ജീവിതത്തില്‍ 
നിന്നടര്‍ത്തിയെടുത്ത ഒരു കവിതയെ, 
ഒരാഖ്യാനത്തെ, 
ഒരു വെറും വാക്കിനെ നോക്കൂ, 
അതിനെ സമീപിക്കുകയും 
തൊടുകയും ചുംബിക്കുകയും 
മനനം ചെയ്യുകയും
സ്വാംശീകരിക്കുകയുമൊക്കെ ചെയ്യുന്ന 
ഓരോ ആളും അതില്‍ പരിണാമങ്ങളുണ്ടാക്കുന്നു. 

ഓരോ വായനക്കാരനും ശേഷം 
ഒരു കവിത വേറൊരു കവിതയായി മാറുന്നു.
പുഴയില്‍ മുങ്ങുന്ന ആളോടൊപ്പം 
പുഴയും പുതിയൊരു പുഴയായിത്തീരുന്നു. 

ഒരരോ പാതയും 
ഒരു സഞ്ചാരിയെ വേറെയൊരാളാക്കുന്നു. 
ഓരോ സഞ്ചാരിയും 
അയാളുടെ വേഗവും കിതപ്പും കൊണ്ട്
പാതയെ വേറൊരുപാതയാക്കി മാറ്റുന്നു. 

ങ്ഹും....
ഓരോ ആഷാഢവും 
പൂമരത്തില്‍ പുതിയ ഇലകളും 
പുതിയ ശിഖരങ്ങളും വരച്ചു ചേര്‍ക്കുന്നു. 



No comments: