7 Apr 2013

പ്രണയം കേള്‍വിയുടെ കലയാണ്




ഋതു എന്റെ പ്രണയിനിയാണ്. 

ഋതൂന്നുള്ള പേര് കേട്ടാല്‍ത്തന്നെ 
ഒരു പക്ഷെ അവളെയൊരിക്കലും 
കണ്ടിട്ടില്ലായിരുന്നെങ്കിലും 
ഞാനവളെ പ്രേമിക്കുമായിരുന്നു. 
ഋതുക്കള്‍, ഹായ്... 
വസന്തോം ഹേമന്തോം ആഷാഢോം 
ഗ്രീഷ്‌മോം ശിശിരോമൊക്കെ....
മഴേം തളിര്‍പ്പും പൂക്കളും ഇല പൊഴിച്ചിലും 
വരളലും വിങ്ങലുമൊക്കെ ആ പേരിലുണ്ട്! 

ഓരോ ആള്‍ക്കും പ്രണയത്തിന്റെ ഭാഷ 
വേറെ വേറെയായിരിക്കും അല്ലേ. 
ഋതൂന്റെ പ്രണയ ഭാഷ 
ഒരു നീരൊലിപ്പിന്റെയൊച്ചയാണെന്നു ഞാന്‍ വിചാരിക്കും. 
ഒരു നീരൊലിപ്പിന്റെ കൂടെ 
അതിന്റെ ഉറവ തൊട്ട് അഴിമുഖം വരെ 
എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ? 
എത്ര തരം മിണ്ടലുകള്‍, പൊട്ടിച്ചിരികള്‍, 
പിറുപിറുപ്പുകള്‍, മൂകതകള്‍...!

അവളുടെ തണലത്താണ് 
ഞാനൊരിക്കല്‍ ബുദ്ധനാവാന്‍ തപസ്സു ചെയ്യുക! 

ഇത്തിരിയകപ്പുകച്ചിലുണ്ടാകുമ്പോള്‍
കാട്ടിലേയ്ക്ക് പോകാന്‍ തോന്നുന്ന പോലെ 
എനിക്കുടന്‍ അവളെ കാണണമെന്നു തോന്നും. 


ഞാനളുടെ സവിധത്തിലിരിക്കും. 
അവള്‍ പറയാന്‍ തുടങ്ങും. 
പൂലരിമുതല്‍  ഓരോ നിമിഷങ്ങളായി നടന്ന 
എല്ലാ സംഭവങ്ങളും, 
ഒന്നുപോലും വിട്ടുപോകാതെ 
അധികം കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ, 
ഇടമൗനത്തിന്റെ അഗാധതയാല്‍
പ്രപഞ്ചത്തിന്റെ നിശ്ശൂന്യത മുഴുവന്‍ എനിക്കനുഭവപ്പെടും. 
ചക്രവാളത്തിന്റെ മഹാ വിസ്താരതയില്‍ 
മേഘമൂടലുകള്‍ക്കിടയ്ക്കു പറക്കുന്ന 
ശരപ്പക്ഷിപോലെ എനിക്കു തോന്നും. 
ഞാന്‍ പക്ഷെ ഭയക്കുകയില്ല, 
പ്രണയിയുടെ ജീവനിശ്വാസം 
എന്റെ പ്രാണനെ അനുധാവനം ചെയ്യുന്നതു കൊണ്ട്. 

എന്റെ കണ്ണുകള്‍ 
ഞാന്‍ പാതിയടച്ചു പിടിക്കും. 

എന്താണ് എന്നെത്തന്നെ നോക്കാത്തത്? 
ഇങ്ങനെ മൂകനായിരുന്നാല്‍ മതിയോ? 
ചെറിയ ചിരിയോടെ അവള്‍ ചോദിക്കും. 

നിന്നെ കാണുമ്പോള്‍ 
പുറത്തു നിന്ന് നിന്നെ അറിയുകയാണ്, 
ഞാന്‍ പറയും, 
ഒരു വീടിനെ  മുറ്റത്തോ 
ഇടവഴിയോ നിന്ന് കാണുന്നപോലെ, 
പുഴത്തീരത്തു നിന്ന് പുഴയെ അറിയുന്നപോലെ. 
നിന്നെ കേള്‍ക്കുമ്പോള്‍ 
ഞാന്‍ നിന്റെയകത്തേയ്ക്കു വരികയാണ്. 
തീരത്തു നിന്ന് തിരകളെ മുറിച്ച് 
സമുദ്രത്തിലേക്കിറങ്ങിയിറങ്ങി പോകുന്ന പോലെ...

No comments: