ഇന്നലെ വീട്ടില്‍ ഒരു ഭിക്ഷക്കാരന്‍ വന്നു.
(ക്ഷമിക്കൂ, ഒരതിഥി വന്നു എന്നു പറയാതിരുന്നതിന്.
മുന്നേ അറിയാത്ത ഒരാള്‍ എന്നതല്ല
ഒരാളുടേ വേഷമോ ശരീരാവസ്ഥയോ ആണ്
ഒരാളെ അതിഥിയെന്നോ
ഭിക്ഷക്കാരനെന്നോ വേര്‍തിരിക്കുന്നത്, അല്ലേ?
എനിക്കു ലജ്ജതോന്നുന്നു ആത്മ പുച്ഛം തോന്നുന്നു,
ആദ്യത്തെ വാക്ക് ഭിക്ഷക്കാരന്‍ എന്ന് നാവില്‍ വന്നതില്‍!)
ഒരു വൃദ്ധന്‍,
മരിച്ചുപോയ വല്യച്ഛനെക്കാള്‍ പ്രായം വരും.
വല്യച്ഛനെ എനിക്കു പ്രിയമായിരുന്നു.
അദ്ദേഹം ഒരു പഴയ കര്‍ഷകനായിരുന്നു.
നടത്തക്കാരനായിരുന്നു.
തക്കം കിട്ടിയാല്‍ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പൊയ്ക്കളയും.
കണ്ണും കാതുമില്ലാത്ത പ്രായത്തില്‍
മണ്ണിലുറയ്ക്കാത്ത കാലുമായുള്ള കറങ്ങി നടപ്പിന്റെ പേരില്‍
ഞാനദ്ദേഹവുമായി തട്ടിക്കയറുമായിരുന്നു,
അദ്ദേഹം ഇല്ലാതാവുന്ന ലോകത്ത് ജീവിക്കാന്‍
എന്റെ കുട്ടിക്കാലത്തെന്നപോലെ
അപ്പോഴും ഞാന്‍ ഭയന്നിരുന്നതുകൊണ്ട്.
ഇയാള്‍ അതിനെക്കാള്‍ അവശന്‍.
അതിനെക്കാള്‍ കെട്ടുപോയ കണ്ണുകളും
അടഞ്ഞുപോയ കാതുകളും.
അതിനെക്കാള്‍ വേച്ചുവേച്ചുള്ള നടത്തം.
കാലില്‍ മുഷിഞ്ഞ തുണികൊണ്ടുള്ള
ചോരനിറമുള്ള കെട്ട്.
ഒന്നും ആവശ്യപ്പെട്ടില്ല, ഒറ്റ നില്‍പു നിന്നു.
ഉച്ചയായതുകൊണ്ട്
ഉണ്ടാക്കിയ ചോറും ചമ്മന്തിയും രണ്ടാക്കിപ്പകുത്ത്
മോന്തയില്‍ വെള്ളവുമെടുത്ത്
വരാന്തയില്‍ പുല്‍പ്പായ വിരിച്ച്,
ഞാനയാളെ കൈകഴുകാന്‍ ക്ഷണിച്ചു,
കാലിലെ കെട്ട് എന്താണെന്നു ചോദിച്ചപ്പോള്‍
ഉണങ്ങാത്ത മുറിവ് എന്നയാള്‍ പറഞ്ഞു.
അയാള്‍ കൈകഴുകുന്നതിന്റെ,
തോര്‍ത്തുകൊണ്ടു തുടയ്ക്കുന്നതിന്റെ
പലകയില്‍ ഇരിക്കുന്നതിന്റെ,
ഓരോ അന്നത്തെയും ആദരവോടെ ഭക്ഷിക്കുന്നതിന്റെ
രുചിക്കുന്നതിന്റെ,
ചിരിക്കുന്നതിന്റെ ഓമനത്തമുള്ള ചന്തം,
അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കുള്ളിലെ
വെയില്‍ക്കറുപ്പും മിനുമിനുപ്പുള്ള ജീവിതം,
ചുവടുവെപ്പിലേയും നില്‍പ്പിലേയും മര്യാദ,
കണ്ണിലെ പുഴ,
അയാളാരാണെന്ന് എന്നോടു പറഞ്ഞു.
ബാക്കിയുള്ളവരെല്ലാം എവിടെ?,
മക്കളും ഭാര്യയും സഹോദരങ്ങളും അയല്‍ക്കാരും?
ഞാനയാളോട് ചോദിച്ചു,
അന്തം വിട്ടപോലെ,
മിണ്ടാനാവാതെ തെല്ലിട നിന്നു ,
ഏതോ ഗോത്രഭാഷയില്‍ എന്തോ പറഞ്ഞു,
ചിതറിപ്പോയി എന്നാണയാള്‍ പറഞ്ഞതെന്ന് തീര്‍ച്ച.
No comments:
Post a Comment