അമ്മയെ ഓര്‍മ്മവരുമ്പോള്‍
ഞാനുടനെ അടുക്കളയിലേയ്ക്കുപോവും.
അമ്മചെയ്യാറുണ്ടായിരുന്ന
അതേ സൂക്ഷ്മതയോടെ ശ്രദ്ധയോടെ
നിലം തൂക്കുകയോ തുടയ്ക്കുകയോ ചെയ്യും.
അല്ലെങ്കില്‍ പലകയില്‍ കാലുനീട്ടിയിരുന്ന്
മഞ്ഞള്‍പ്പൊടിപ്പാത്രവും ഉപ്പുപാത്രവുമൊക്കെ
തുടച്ചു മിനുക്കിയടുക്കും.
ചൂടികൊണ്ട് വരിഞ്ഞ് ഒരുറിയോ
ചിരട്ടയുരച്ച് ഒരു കയ്യിലോ ഉണ്ടാക്കും.
ജനാലകള്‍ പൊടി തുടയ്ക്കും, മാറാല തട്ടും.
പറമ്പിലൊക്കെ നടക്കും.
ഈര്‍ക്കിലോ കവുങ്ങിന്‍പട്ടയോ കൊണ്ടൊരു
ചൂലുമെടയും.
തിണ്ടത്ത് പോയിനിന്ന് അലക്കിക്കൊണ്ടിരുന്ന
അയല്‍ക്കാരിയേച്ചിയോട്
ചോറും കൂട്ടാനുമൊക്കെയായോ എന്നന്വേഷിക്കും.
മാവിനേം പ്ലാവിനേമൊക്കെ ഒന്നുതൊടും...
മോനെപ്പറ്റി ഓര്‍ക്കും
അവന് അട വല്യ ഇഷ്ടമല്ലേ
വൈകുന്നേരം വരുമ്പോഴേയ്ക്ക്
ഉണ്ടാക്കിവെയ്ക്കണമെന്നോ
ഓ, എണ്ണമുറുക്കിയതു തീര്‍ന്നല്ലോ എന്നോ
ആലോചിക്കും.
അങ്ങനെയങ്ങനെ
അകംകുതിരുവോളം
അമ്മയില്‍
മുടിയോളം മുങ്ങി നില്‍ക്കും.
No comments:
Post a Comment