പെണ്‍കുട്ടി ദൂഷ്യസ്വഭാവമുള്ള
ഒരുവളാണെന്നും
യക്ഷിബാധയുള്ളവളാണെന്നും
ആളുകള്‍ പരഞ്ഞു പരത്തി.
അവള്‍ ഉറക്കെയുറക്കെ ചിരിക്കുമായിരുന്നു,
നടക്കുമ്പോള്‍ കാറ്റാടിമരം പോലെ
ഉലയുമായിരുന്നു.
പലതരം വേഷങ്ങള്‍,
രാജകുമാരിയുടെ, മദാമ്മയുടെ,
ഭ്രാന്തിയുടെ, പിച്ചക്കാരിയുടെ,
ത്രേസ്യാമ്മ എന്ന അയല്‍ക്കാരിയുടെ.
അവളുടെ ഏറ്റവും അടുത്ത ചങ്ങാതി
ഒരു പായല്‍ക്കുളമായിരുന്നു.
പായലിന്നിടയ്ക്കിടെ
താമരപ്പൂക്കളുണ്ടായിരുന്നു.
നീ എന്റെയുള്ളിലേയ്ക്കു പോരൂ.
താമരക്കുളം ക്ഷണിക്കും.
ഈ പായലുകള്‍ക്കടിയില്‍
നീയൊരിക്കലും കാണാത്തത്ര
അത്ഭുതകരമായ ലോകങ്ങളുണ്ട്.
കാടും മരങ്ങളും പൂക്കളും പഴങ്ങളും
പറവകളും അവയുടെ കുറുകലുമൊക്കെയുണ്ട്.
നിലാവുമുണ്ടോ?, പെണ്‍കുട്ടി ചോദിച്ചു,
ആകാശവും നക്ഷത്രങ്ങളുമുണ്ടോ?
നിലാവും ആകാശവും നക്ഷത്രങ്ങളുമുണ്ട്.
കുളം പറഞ്ഞു.
പെണ്‍കുട്ടി പിന്നെ ഒന്നും ആലോചിച്ചില്ല...
No comments:
Post a Comment