മാന്ത്രികതയുള്ളൊരുപഴകാച്ചിരിയോടെ
കണ്ണുകളിലേയ്‌ക്കൊന്നാഴത്തില്‍ നോക്കും.
കൈത്തണ്ടയിലോ തോളിലോ
ഒന്നു തട്ടിനോക്കിയെന്നുവരും.
നാലാമര്‍ഥമുള്ളൊരു കടങ്കഥച്ചിരിച്ചോദ്യവും.
പിന്നെയാ ആണിനെക്കുറിച്ച്
നാണിവല്യമ്മയുടെ തീര്‍പ്പ്
ദൈവത്തിന്റെ തീര്‍പ്പുകള്‍ പോലെ
ഒത്തു തീര്‍പ്പില്ലാത്തത്.
വലിയ ശമ്പളക്കാരനൊക്കെയായിട്ടെന്താ കാര്യം.
നമ്മടെ കുട്ടിക്കവന്‍ വേണ്ട എന്നോ
എടി പാര്‍വ്വത്യേ, അവനാളൊരു ഗന്ധര്‍വ്വനാ.
മുറുക്കപ്പിടിച്ചോട്ടോ എന്നോ
പിഴയ്ക്കാത്ത കല്‍പനകള്‍.
തര്‍ക്കിക്കാന്‍ ചെന്നാല്‍
ചിരിയും കുശുമ്പും കലര്‍ത്തി ഒച്ചയുയര്‍ത്തും ,
എഡോ,രാഘവാ,
എലുമ്പന്‍ ഗോയിന്നന്റെ മോനേ,
ഈ നാണിവല്യമ്മയ്‌ക്കേ,
ഏതാണിനേം പുറം തൊട്ടാ അകമറിയും.
സംശയണ്ടെങ്കി നീ നിന്റെ
ചാവാന്‍ കെടക്കുന്ന അച്ഛനോടു ചെന്നു ചോയിക്ക്,
അല്ലെങ്കി ചുടുകാട്ടിച്ചെന്ന് അച്ഛാച്ഛനോടു ചോയിക്ക്...
കാര്യമെന്താകിലും
വിഷം തീണ്ടിയ അശുദ്ധിയുടെ
ഓര്‍മ്മകളൊക്കെ മാറ്റിവെച്ച്
പെണ്ണിനെയൊരു കൂട്ടര്‍
കാണാന്‍ വരുന്നുണ്ടെന്നറിയിച്ചാല്‍
നാണിമുത്ത്യേ,
മ്മടെ ശ്രീക്കുട്ടിക്കൊരാലോചന വന്നിട്ട്‌ണ്ടേ.
ഉച്ചയ്ക്കവര് വരും.
മുത്ത്യൊന്നങ്ങോട്ടെറങ്ങണം എന്ന്
നാണിവല്യമ്മയുടെ അടുത്താളെത്തും. .
അലക്കിമുക്കിയ തൂവെള്ളച്ചേലയുടുത്ത്,
നെറ്റിയില്‍ നെടുനീളത്തില്‍ ചന്ദനം തൊട്ട്
തലയുയര്‍ത്തിപ്പിടിച്ച്
ആര്‍ക്കും ഏറ്റു വാങ്ങാവുന്നൊരു
വെറ്റിലച്ചോപ്പന്‍ ചിരിയുമായി
നേരം തെറ്റാതെയെത്തും.
തിരികെ നടത്തത്തില്‍
ആരോടെങ്കിലുമായുറച്ചൊരൊച്ചയില്‍
ഒരു വട്ടമെങ്കിലും പറയും,
ങ്ഹും, കാലമെത്ര മാറിയാലെന്ത് ,
ആണിന്നൊരു മാറ്റോമില്ല.
No comments:
Post a Comment