എല്ലാരുമൊരുമി-
ച്ചിരുന്നൊത്തുപാടുന്ന പാട്ട്.
എല്ലാരുമൊരുമിച്ചുറങ്ങുന്ന വീട്.
എല്ലാരുമൊരുമിച്ചു
കാണുംകിനാവിന്റെ പേര്.
എരിവുകള്‍
പുളിപ്പുകള്‍
മധുരങ്ങളൊക്കെയും
ചേര്‍ത്തുചേര്‍-
ത്തെല്ലാരുമൊരുമിച്ചു
തീകൂട്ടി വേവി-
ച്ചിലവെച്ചു കഥ പറ-
ഞ്ഞുണ്ണുന്നൊരൂണ്.
എല്ലാരുമുണ്ടായിരിക്കണം,
കുറിയവര്‍, നെടിയവര്‍,
കറുത്തവര്‍, വെളുത്തവര്‍
മഞ്ഞച്ച തൊലിയുള്ളോര്‍,
തോളെല്ലു പൊങ്ങിയോര്‍,
കാലടിപരന്നവര്‍...
എല്ലാരുമുണ്ടായിരിക്കണം
മാനുഷര്‍ മാത്രല്ലുറുമ്പുകള്‍
പുഴുക്കളു-
മെണ്ണീയാല്‍ത്തീരാത്ത
പല ജീവജാതികളി-
ലെല്ലാരുമൊരുമി-
ച്ചിരുന്നൊറ്റയമ്മത-
ന്നൊറ്റയൊരച്ഛന്റെ
മക്കളായരുമയായ്
സ്‌നേഹമായമരുന്ന
കഥയാണ്
കാലമാണോണം...
No comments:
Post a Comment