പാതിനരച്ച ഇരുട്ടിന് നല്ലെണ്ണയുടെ മണം.
പാതിരാവിന്റെ കൊച്ചുജാലകം
പാതയിലേയ്ക്കുതുറന്നുകിടന്നു.
പാത വിജനതയിലേയ്ക്ക് നീട്ടിവരച്ചതായിരുന്നു.
വഴിലുടനീളം പാല്‍ക്കാരിപ്പെണ്‍കുട്ടിയുടെ
ഉടഞ്ഞ മണ്‍പാത്രത്തില്‍നിന്നൊലിച്ച
കൊഴുത്തനിലാവ് തൂവിയൊലിച്ചു കിടന്നു.
ഇത്തിരി മുടന്തുള്ള
അന്ധനായ ഒരു വയസ്സന്‍ കാറ്റ്
പാതയിലൂടെ
ഉലഞ്ഞുലഞ്ഞുനടക്കുന്നുണ്ടായിരുന്നു.
നീലച്ചിറകുള്ള ഒരു പറവയുടെ ശരീരം
സ്വപ്നത്തില്‍ എന്റെ കരയ്ക്കടിഞ്ഞു.
അടയ്ക്കാത്ത വട്ടക്കണ്ണുകൊണ്ട്
മരണത്തില്‍ നിന്ന് അതെന്നെ തുറിച്ചു നോക്കി.
അതിന്റെ ചുവന്ന കൊക്കുകള്‍
എന്തോപറയാനോ
അവസാനത്തെ കൊത്തുകൊത്താനോ വേണ്ടി
തുറന്നു പിടിച്ചിരുന്നു.
പനിപിടിച്ച കുഞ്ഞിനെയൊരമ്മയെന്നോണം
ഞാനെന്റെ വേദനയെ ഞെഞ്ചോടമര്‍ത്തി
വൃഥാ ഒരു കുട്ടിക്കാലസ്മരണയില്‍
അര്‍ജ്ജുനന്‍ പാര്‍ഥന്‍ എന്ന് കണ്ണടച്ചു കിടന്നു.
No comments:
Post a Comment