10 Jan 2013

ഒന്നാം തരം





മങ്ങിയ ഓര്‍മ്മകളുള്ള ഒരാളാണ് ഞാന്‍. 
എന്റെ ഒന്നാം തരത്തെക്കുറിച്ച് 
എനിക്ക് വലിയ തെളിച്ചമൊന്നുമില്ല. 
അന്നുനട്ട അയില്‍നിന്നും ഇയില്‍നിന്നും തന്നെയോ 
ഞാനിപ്പഴും മാങ്ങേം ചക്കേം പറിക്കുന്നതെന്നിക്കു നിശ്ചയമില്ല. 
പുസ്തകം പഠിപ്പിനെക്കുറിച്ചോ കൂട്ടപ്പാട്ടുകളെക്കുറിച്ചോ 
എനിക്കോര്‍മ്മയില്ല. 
കഥകളോ ഗുണപാഠങ്ങളോ ഓര്‍മ്മയില്ല. 
പക്ഷെ ഇപ്പഴും മങ്ങിച്ചയില്ലാതെ 
എന്റെ മനസ്സിന്റെ മണ്‍നിലത്ത് തൂവിക്കിടക്കുന്നുണ്ട് 
ക്ലാസ്മുറിയില്‍ നിരനിരയായി 
നീങ്ങിക്കൊണ്ടിരുന്ന വെയില്‍മുട്ടകള്‍. 

എന്റെയൊന്നാം തരം ടീച്ചറുടെ ഒച്ച എന്റെ മനസ്സിലില്ല. 
അവരുടെ സ്വരങ്ങള്‍ക്കും വ്യഞ്ജനങ്ങല്‍ക്കുംമേല്‍ 
വേറെയെത്രയോസ്വരങ്ങളും 
വേറെയെത്രയോ വ്യഞ്ജനങ്ങളും 
വന്നുമൂടിയിരിക്കും.
അവരുടെ മൂളലുകളുടെ നീരൊഴുക്കുകള്‍ 
മൂളക്കങ്ങളുടെ പുഴയില്‍, കടലില്‍ ഇല്ലാതായിരിക്കും.

അവരെന്നെ തൊട്ടിട്ടുണ്ടാവുമോ? 
എന്റെ സങ്കടങ്ങളെ സാരിത്തുമ്പ് കൊണ്ട് 
ഒപ്പാന്‍ ശ്രമിച്ചിട്ടുണ്ടാവുമോ? 
എപ്പഴെങ്കിലുമൊരിക്കല്‍ ഒരുച്ചപ്പനി വന്ന്, 
അല്ലെങ്കിലൊരമ്മവിചാരം സഹിക്കാനാവാതെ 
ഞാനവരുടെ കഞ്ഞിപ്പശ മണമുള്ള 
മടിയില്‍ കയറി ഇരുന്നിട്ടുണ്ടാവുമോ? 
കഥ എന്നത് കത എന്നു പറഞ്ഞതിന് 
മഴയെ വെറും മയയാക്കിയതിന് 
അവരെന്നെ നുള്ളിയിരിക്കുമോ? 
എന്റെ പോരായയ്കകളുടെ പേരില്‍ 
ആരോഗ്യക്കുറവിന്റെ പേരില്‍ 
ദുശ്ശീലങ്ങളുടെ പേരില്‍ സങ്കടപ്പെട്ടിട്ടുണ്ടാവുമോ? 
എപ്പോഴോ ഒരിക്കല്‍ ദൈവമേ, ഈ കുട്ടി 
എന്ന് പ്രാര്‍ഥിച്ചിരിക്കുമോ? 

എനിക്കറിയില്ല...
.എനിക്കോര്‍മ്മയില്ല, 
പക്ഷെ ഇപ്പഴും അതേപോലെ, 
ഒട്ടും മങ്ങിച്ചയില്ലാതെ എന്റെ മനസ്സിലുണ്ട് 
അവരുടെ എണ്ണ നിറമുള്ള, 
അന്തം വിട്ടതുപോലുള്ള,
പ്രായക്കൂടുതലുള്ള, 
ദുഖമൂകമായ മുഖം...



No comments: