സര്‍വ്വേനമ്പറുള്ള
അഞ്ചോ ആറോ സെന്റ്
അല്ലെങ്കില്‍
പത്തോ നൂറോ ഏക്കര്‍ സ്ഥലം,
ഒരു കിണര്‍, ഒരു കുണ്ടുകുളം,
ഒരു ജനാലയുടെ,
വാതിലിന്റെ, മുറ്റത്തിന്റെ,
മൈതാനത്തിന്റെ
വലിപ്പത്തിലൊരു തുറസ്സ്
മാത്രമാണ് നിങ്ങളെങ്കില്‍
നിശ്ചയം,
ആരെങ്കിലും പട്ടയമൊപ്പിച്ചെടുത്ത്
മുള്‍വേലിയോ കമ്പിവേലിയോ കെട്ടി
അതിരു തിരിച്ച്
സ്വന്തപ്പെടുത്തിയിരിക്കും നിങ്ങളെ.
പക്ഷെ
നിങ്ങളൊരു പുഴയാണെങ്കില്‍,
ഒരുകാടെങ്കില്‍
ഒരു കടലെങ്കില്‍
ആകാശമെങ്കില്‍
നിങ്ങള്‍ എല്ലാവരുടേയുമായിരിക്കും
എല്ലാ കാലത്തിന്റേതും.
No comments:
Post a Comment