നോക്കൂ,
വീട്ടുപറമ്പിലെ മുളങ്കൂട്ടം
ആകെ പൂത്തിരിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയായി
ഇലപൊഴിക്കലോടു പൊഴിക്കലായിരുന്നു.
ഇന്നിതാ അകെപൂത്ത്,
ഞാനിതുവരെ കണ്ടിട്ടില്ലാത്ത വിധം...
നേര്‍ത്ത വെള്ള പൂവിന്റെ അലുക്കുകള്‍.
കുറച്ചുമാത്രം അലങ്കരിക്കാനിഷ്ടമുള്ള
പക്വമതികളായ പെണ്ണുങ്ങളെപ്പോലെ അവര്‍.
നാല്‍പതു കൊല്ലത്തിലൊരിക്കലല്ലേ മുളപൂക്കുന്നത്.
മുമ്പൊരിക്കലും ഞാനാ കാഴ്ച കണ്ടിട്ടില്ല.
നാല്പതുകൊല്ലം മുമ്പ് മുള പൂത്തതിന്റെ പുകിലുകള്‍
എന്റെ അയല്‍ക്കാരന്‍ പറഞ്ഞു.
മുളയരിയടിച്ചൂട്ടാന്‍ മുളഞ്ചോട്ടില്‍ പാ വിരിച്ചതും.
അരിയടിച്ചു കൂട്ടി പായസം വെച്ചതും
എല്ലാ വീട്ടിലും മധുരം പരന്നതും എല്ലാം.
അയാള്‍ക്കന്നു ചെറുപ്പമായിരുന്നു.
താന്‍ രണ്ടുപ്രാവശ്യം മുള പൂക്കുന്നതു കണ്ടെന്ന്
അയാള്‍ അഭിമാനം കൊണ്ടു...
മോനെ വിളിച്ചോണ്ടു വന്നു കാണിച്ചു.
അവനു പതിനൊന്നു വയസ്സായി.
അടുത്ത മുളപ്പൂക്കലിന്
അവന് അമ്പത്തൊന്നായിരിക്കും വയസ്സ്.
നീ നിന്റെ ഭാര്യയോടും മക്കളോടും
ചിലപ്പോള്‍ ആര്‍ക്കറിയാം
കൊച്ചുമക്കള്‍ക്കു മൊപ്പമായിരിക്കും
അപ്പോള്‍ എന്നു ഞാനവനോടു പറഞ്ഞു.
അപ്പഴേയ്ക്കും ഇന്നു ഞങ്ങള്‍ നട്ട തൈമരങ്ങളെല്ലാം
വലിയ വൃക്ഷങ്ങളായിരിക്കും.
അവന്‍ അച്ഛനോടൊരുമിച്ചു മുളപൂത്തതു കണ്ടതിനെപ്പറ്റി
അവരോടു പറയുമായിരിക്കും...
അതു കേട്ടപ്പോള്‍ അവനു സങ്കടമായി.
അച്ഛന്‍ അടുത്ത മുളപ്പൂക്കലും കാണുമെന്നവന്‍
ഉറപ്പിച്ചു പറഞ്ഞു.
അതെ,
എനിക്കു സന്തോഷം തോന്നി..
ഞാനൊരിക്കലും മരിക്കില്ല..
മുള പൂക്കുന്നതുകാണാന്‍
ഞാനെന്നും താഴെ വന്നു മോളിലോട്ടു നോക്കും...
No comments:
Post a Comment