നിയമവും മര്യാദയും ഉണ്ട്.
നിയമങ്ങള്‍ക്ക്,
ഏതു നിയമത്തിനും
ഓരാന്റിബയോട്ടിക്കിന്റെ വിഷമണം.
ഒരു വെറിയന്‍ പോലീസുകാരന്റെ
കാരിക്കേച്ചര്‍ ചെയ്ത ഭീകര മുഖം!
മര്യാദയ്ക്ക്
കയ്‌പോ ചവര്‍പ്പോ കാണുമെങ്കിലും
അത് ഇത്തിരി ജീരകത്തിന്റെയോ
അയമോദനത്തിന്റെ സുഖമുള്ള രസക്കേട്.
കുരുമുളകുപോലെ വയറ്റിലെത്തിയാല്‍
മധുരമാകുന്ന എരിവ്.
മുരടിച്ച മനുഷ്യരുടെ നാട്ടില്‍
നിയമങ്ങള്‍ കൂടിക്കൂടി വരും.
മര്യാദകള്‍ കുറഞ്ഞു കുറഞ്ഞു വരും.
ഒരു ദേശം എത്രമാത്രം
ദൈവത്തിന്നടുത്താണെന്നറിയാന്‍
അവിടുത്തെ നിയമ പുസ്തകത്തിന്റെ
പേജെണ്ണി നോക്കിയാല്‍ മതി.
പൂര്‍ണതയിലെത്തിയവരുടെ നാട്ടില്‍,
ബോധത്തിലേയ്ക്കു നടക്കാന്‍ തുടങ്ങിയവരുടെ നാട്ടില്‍,
ഇത്തിരിയെങ്കിലുമൊക്കെ ആത്മീയത ബാക്കിയുള്ള നാട്ടില്‍,
നേരാണ് മതമെങ്കില്‍ ആ മതത്തിന്റെ നാട്ടില്‍,
നിയമപുസ്തകത്തിലെ അലേകകളൊന്നൊന്നായി
കാറ്റില്‍ പാറിപ്പാറിപ്പോകും.
ഒടുവില്‍ ഒരു ദിനം
നിയമ പുസ്തകത്തിലെ എല്ലാ പേജും
വെളുത്ത ആകാശക്കീറുകള്‍ പോലെ
ഒഴിഞ്ഞു കിടക്കും.
No comments:
Post a Comment