ചെടിച്ചട്ടിയില്‍
കാലെ വളര്‍ന്നതായിരുന്നു ആ കാട്ടുചെടി.
നട്ടവിത്ത് പിണക്കം ഭാവിച്ചതിന്റെ
ഇത്തിരി വിടവിലൂടെ
അവള്‍ താനെ മുളച്ചു വന്നു.
തളിരിന്റെ ലോലവും ഗാഢവുമായ പച്ച.
വിരിഞ്ഞ ഇലകള്‍ വലിയ വട്ടത്തില്‍,
അറ്റത്തു ഞൊറികള്‍.
നാലുപാടും ചില്ല നീട്ടി നീട്ടി
നീണ്ടു നിവര്‍ന്നു നിന്ന്
അവളൊാരു പിരമിഡുപോലെയായി.
പ്രായമായപ്പോള്‍ ഓരോ അറ്റത്തും
ഇത്തിരിയിത്തിരി
മഞ്ഞ മൊട്ടിന്‍ കുലപ്പുകള്‍ കൊണ്ട്
അവളൊരു പഗോഡയായി.
ഒപ്പം വിരിഞ്ഞപ്പോളോരു
പ്രകാശഗോപുരമായി.
അവളെല്ലാം തികഞ്ഞൊരുവളായിരുന്നു.
ഉശിരുള്ള സൗന്ദര്യമായിരുന്ന അവളുടേത്.
പ്രാചീനതയുടെ സുഗന്ധം അവള്‍ പ്രസരിപ്പിച്ചു.
അവള്‍ക്കില്ലാതിരുന്നത്
ഇന്നേടത്തിന്നവള്‍ എന്ന
ഒരു വിളിപ്പേരു മാത്രമായിരുന്നു.
No comments:
Post a Comment