ജീവിതം
പലതരം മരണങ്ങളില്‍
അവസാനിക്കുന്ന പോലെ
പലതരം മരണങ്ങളില്‍ അവസാനിക്കുന്നു
ബന്ധങ്ങളും.
ചിലബന്ധങ്ങള്‍ നിത്യരോഗികളായി
അവശതയും പീഡയും പേറി
പാതയറ്റം വരെ നിരങ്ങി നീങ്ങുന്നു,
കഥാന്ത്യം വരെ
അരങ്ങില്‍ക്കിടന്നു പിടയുന്നു.
ചില ബന്ധങ്ങള്‍ അപ്രതീക്ഷിതമായ
കൂട്ടിമുട്ടലുകള്‍ക്കടിയില്‍പ്പെട്ട്
ചതഞ്ഞു മരിക്കുന്നു.
ചില ബന്ധങ്ങള്‍ ജീവിക്കാന്‍ ഭയന്ന്
സ്വയം ഹത്യവരിക്കുന്നു.
ചില ബന്ധങ്ങള്‍ മാത്രം
ഏറെയോണങ്ങള്‍ ഒരുമിച്ചുണ്ട്
എല്ലാ ഋതുക്കളേയും പ്രദക്ഷിണം വെച്ച്
എല്ലാ സമുദ്രങ്ങളും
എല്ലാ ആകാശങ്ങളും നടന്നു തീര്‍ത്ത്
പൂര്‍ണകാമന്മാരായി
പൂര്‍ണ മൃത്യു വരിക്കുന്നു.
No comments:
Post a Comment