23 May 2013

്‌നീലപ്പാപ്പാത്തിയുടെ മരണം



1
അപ്പന്‍ വല്യ ദേഷ്യക്കാരനായിരുന്നു. ദേഷ്യം പിടിച്ചാല്‍ അപ്പന് സ്ഥലകാലബോധം പോകും. അടിയും തൊഴിയും കൊണ്ട് കൈവലയത്തില്‍ കിട്ടിയ ആള്‍ ചത്തെന്നു വരും. അപ്പന് ദേഷ്യം വന്നാല്‍ അടുത്തൊന്നും ചെല്ലാതെ നോക്കിക്കോളണമെന്ന് അമ്മൂമ്മ പറഞ്ഞു. അപ്പന് കലി വരുന്നൂന്ന് തോന്നിയാലുടന്‍ ഞാനും സൂസന്നയും മാറിക്കളേമായിരുന്നു. എന്നിട്ടും പലപ്പോഴും ഞങ്ങളാ കല്‍പ്പണിയെടുത്തെടുത്ത് കല്ലിനെക്കാളുരംവന്ന കയ്യിന്റെ ചൂടറീമായിരുന്നു. നീലപ്പാപ്പാത്തിയെ മാത്രം അപ്പനൊന്നും ചെയ്തില്ല. ഞങ്ങള്‍ മൂന്നു പെണ്‍മക്കളില്‍ എളേതായിരുന്നു നീലപ്പാപ്പാത്തി, അവള്‍ക്ക് ജനനത്തിലേ മങ്ങിയ കാഴ്ചയായിരുന്നു. അവള്‍ തപ്പിത്തപ്പിയായിരുന്നു നടന്നത്. അപ്പന് രേഷം വന്ന സമയങ്ങള്‍ തീകെടുത്താന്‍ പോകുന്ന പോലെ കൈരണ്ടും നീട്ടിപ്പിച്ചോണ്ട് നീലപ്പാപ്പാത്തി അപ്പന്റെടുത്തേയ്ക്ക് പോകുമായിരുന്നു.

2
അപ്പന്‍ അവരെ കൂട്ടിക്കൊണ്ടു വരുന്നത് പടിക്കല്‍ നിന്ന് ഞങ്ങള്‍ കണ്ടു. അവര്‍ സാരിത്തലപ്പുകൊണ്ട് തലമുടി മാടിമറച്ചിരുന്നു. അവര്‍ കുറേ ദൂരെമാറിയാണ് നടന്നത്. മെലിഞ്ഞ് സൂക്കേടുകാരിയായ ഒരു വളെപ്പോലെയായിരുന്നു. ഒരു യാചകിയുടെതുപോലെ അവരുടെ കണ്ണുകള്‍ അടുത്തുള്ള വസ്തക്കളിലൊന്നുമായിരുന്നില്ല. പൂപ്പാത്രങ്ങളെയോ ചിതറിക്കിടന്ന കടലാസുകഷണങ്ങളെയോ അവര്‍ നോക്കിയില്ല. ആദ്യമായി വീട്ടില്‍ വരുന്ന ഒരാളുടെ കണ്ണുകള്‍ സാധാരണ ചെയ്യാറുള്ള പോലെ അവരുടെ നോട്ടം ചുവരിലെ പലേ ഫോട്ടോകളിലേയ്‌ക്കൊന്നും പോയില്ല. അവള്‍ ദൂരേയ്ക്കാണ് നോക്കിയത,് പാതയുടെ അറ്റത്തേയ്ക്ക്...
നീലപ്പാപ്പാത്തി മാത്രം തപ്പിത്തപ്പിനടന്നു ചെന്ന് അവരിരുന്ന കസേരക്കാലിന്നടുത്ത് മുട്ടുകുത്തി അവരുടെ മടിയിലേയ്ക്കു തലചരിച്ചു വെച്ച് ഉറങ്ങുന്ന പോലെ കിടിന്നു. അവരുടെ വിരലുകള്‍ നീലപ്പാത്തിയുടെ മുടിയിഴ കോതിക്കൊണ്ടിരുന്നു.

അവര്‍ക്ക് ഈ വീട്ടില്‍ ഒന്നും അറിയാത്തതായില്ലെന്ന് തോന്നി. എല്ലാ സാധനങ്ങളുടേയും സൂക്ഷിപ്പു സ്ഥലങ്ങള്‍, മഞ്ഞളെവിടെ, ഏതു പാത്രത്തില്‍ മുളക്, മല്ലി? പച്ചരിപ്പാത്രവും ഉണങ്ങലരിപ്പാത്രവും ഏത്? എന്നുമുതല്‍ പ്രാര്‍ഥനയ്ക്കിരിക്കുന്ന പുല്‍പ്പായും കോലായില്‍ വിരിക്കുന്ന പുല്‍പ്പായും എവിടെവിടെ എന്നു വരെ അവര്‍ക്ക് തെറ്റാതെ അറിയാമായിരുന്നു!

3
അവരെ അപ്പന്‍ കൊല്ലാന്‍ പോവുകയാണെന്ന് സൂസന്ന എന്നോടു പറഞ്ഞു, അവരാരാണ്, അവരെയപ്പന്‍ എന്തിനാണിങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്, അവര്‍ മുമ്പ് ഇവിടെ ഉണ്ടായിരുന്നോ? അവരാര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലല്ലോ? അവരുടെ ഒച്ചപോലും ആരും കേള്‍ക്കാറില്ലല്ലോ? അതുമല്ല വന്നയന്നു മുതല്‍ ഒരു നിഴല്‍ പോകുന്നമാതിരി നീങ്ങി നീങ്ങിപ്പോയി അടുക്കളേല്‍ ഭക്ഷണമുണ്ടാക്കുകേം നിലം തുടയ്‌ക്കേം ജനാലപ്പൊടി മുട്ടുകേം ഒക്കെച്ചെയ്യുന്നില്ല, അവര്‍ വന്നതില്‍പ്പിന്നെ ഈ വീടിന്റെ ഉള്‍മണം തന്നെ മാറിയില്ലേ...നീലപ്പാപ്പാത്തി ഇപ്പോള്‍ എത്ര സുന്ദരിയായിരിക്കുന്നു...എന്നിട്ടും എന്തിനാണ് അവരെയപ്പന്‍ കൊല്ലുന്നത് ...?
സൂസന്ന ഭയത്തോടെ എന്നെ നോക്കി, ഞാനവളുടെ ചേച്ചിയാണെന്നും അവളെ സമാശ്വസിപ്പിക്കേണ്ടത്, അവളെയും നീലപ്പാപ്പാത്തിയെയും സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ് എന്നും ഉള്ള മട്ടില്‍...ഈയിടെ അപ്പന്‍ രോഷാകുലനായത് അപൂര്‍വ്വമായിരുന്നു. പക്ഷെ ഒരിക്കല്‍ ഞങ്ങള്‍ മൂവരും മൈതാനത്തിന്നരിലെ പൂമരത്തിന്റെ ചോട്ടില്‍ അലസിപ്പൂക്കള്‍ പെറുക്കാന്‍ പോയി തീരിച്ചു വരുമ്പോള്‍ വരാന്തയില്‍ ഉടുത്തതുരിഞ്ഞ് അലക്കാനെറിഞ്ഞപോലെ അവര്‍ കിടക്കുന്നത് കണ്ടു. കവിളില്‍ ചോരയൊലിച്ചതിന്റെ പാടുണ്ടായിരുന്നു...

4
ഒരു രാത്രി അപ്പന്‍ എന്നേം സൂസന്നയേയും തെക്കിനി മുറ്റത്തേയ്ക്കു വിളിച്ചോണ്ടു പോയി. മക്കള്‍ ആരു ചോദിച്ചാലും അപ്പനെതിരെ സാക്ഷി പറയരുത് എന്നുമാത്രം പറഞ്ഞു. ഞാനും സൂസന്നയും തമ്മാമ്മല്‍ നോക്കി. ഞങ്ങളുടെ കുട്ടിക്കാലം അവസാനിച്ചെന്നു തോന്നി. അപ്പന്‍ പറഞ്ഞതിലെ സാരം മനസ്സിലാകാത്തതുകൊണ്ട് എന്നാല്‍ എന്തെങ്കിലും പറഞ്ഞാല്‍, ചോദിച്ചാല്‍ അപ്പന്‍ കെറുവിച്ചേയ്ക്കുമോ എന്നു ഭയന്ന് ഞാന്‍ മിണ്ടാതെനിന്നു. സൂസന്ന ധൈര്യ ശാലിയെപ്പോലെ തലയിളക്കിക്കൊണ്ട് ഇത്തിരികൊഞ്ചലോടെ ഇല്ലപ്പ, അപ്പനെന്തു ചെയ്താലും ഞങ്ങളാരോടും പറയില്ല, എന്നു പറഞ്ഞു. അപ്പന്‍ അവളെ ചേര്‍ത്തുപിടിച്ചു. അവള്‍ക്ക് അപ്പന്‍ ഒരുമ്മകൊടുത്തു, എനിക്ക് പുകച്ചില്‍ വന്നു, സഹിക്കാന്‍ വയ്യാത്ത വിധം അസൂയകൊണ്ട് എന്റെ നെഞ്ചുവിങ്ങി...

5
പിറ്റേ ദിവസം എല്ലാ വരും ഏറെ വൈകിയാണുണര്‍ന്നത്... നീലപ്പാപ്പാത്തി മാത്രം ഉണര്‍ന്നതേയില്ല. അവള്‍ക്ക് തീപ്പനി പനിക്കുന്നുണ്ടായിരുന്നു. പിന്നെ അവളുടെ പനി കൂടിക്കൂടി വന്നു. അപ്പനവളെയെടുത്ത് തോളത്തിട്ട് അയലോക്കത്തെ ഹനീഫച്ചേട്ടന്റെ ഓട്ടോയില്‍ക്കയറി ആസ്പത്രിയില്‍പ്പോയി. അപ്പന്‍ തനിച്ചാണ് ഓട്ടോയില്‍ ഇരുന്നതെങ്കിലും ഓട്ടോ സ്റ്റാര്‍ട്ടാക്കുന്ന സമയത്ത് അടുക്കളയില്‍നിന്ന് ഓടിക്കിതച്ചുവന്ന് അവരും ഓട്ടോറിക്ഷയില്‍ കയറി. അവര്‍ മുഷിഞ്ഞ ചേല മാറ്റിയിട്ടുപോലുമില്ലായിരുന്നു, അവരുടെ മുഖത്ത് കരി പറ്റിപ്പിടിച്ചിരുന്നു, ആകെ വിയര്‍ത്തിരുന്നു. 
അവര്‍ അപ്പന്റെ കയ്യില്‍ നിന്ന് അവളെ വാങ്ങി മടിയില്‍ കിടത്തി. അന്നുച്ചയ്ക്ക് ഞാനും സൂസന്നയും ഊണൊന്നും കഴിച്ചില്ല. കലത്തില്‍ തണുത്ത വറ്റുണ്ടായിരുന്നു. അടുപ്പു കൂട്ടി തീ വരുത്തി അതു ചൂടാക്കാനും ചമ്മന്തിയരയ്ക്കാനും പപ്പടം ചുടാനുമൊക്കെ എനിക്കും സൂസന്നയ്ക്കുമറിയാമായിരുന്നു. എന്നിട്ടും ഞങ്ങളൊന്നും ചെയ്തില്ല. വരാന്തയില്‍ മുഖത്തോടുമുഖം നോക്കി സന്ധ്യവരെ ഞങ്ങളിരുന്നു. സന്ധ്യക്ക് മറ്റേതോ ഓട്ടോയില്‍ നീലപ്പാപ്പാത്തിയെ തിരികെക്കൊണ്ടു വന്നു. ഇപ്പോള്‍ അവളെ തോളത്തിട്ടെടുത്തത് അപ്പനായിരുന്നു. അവളുടെ ശരീരം അങ്ങന്നെ നീലിച്ചിരുന്നു. ഞങ്ങളുടെ, മങ്ങിയ കാഴ്ചയുള്ള നീലപ്പാപ്പാത്തി  മരണപ്പെട്ടിരുന്നു.


6
മഴവെള്ളത്തില്‍ ചവുട്ടിച്ചവുട്ടി ഞാനും സൂസന്നയും സ്‌ക്കൂളില്‍ പോയി. നീലപ്പാപ്പാത്തിയെപ്പറ്റി ഒരിക്കല്‍പ്പോലും ഞങ്ങള്‍ സംസാരിച്ചില്ല. സ്‌ക്കൂളിലേയ്ക്കു പുറപ്പെടുമ്പോള്‍ അവളെയും കൊണ്ടുപോകണമെന്ന് അവള്‍ എന്നും ഞങ്ങളോട് അപേക്ഷിക്കലുണ്ടായിരുന്നു. തനിക്ക് ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയും എന്ന അര്‍ഥത്തില്‍ കൊച്ചു കൈവെള്ളയില്‍ മറ്റേക്കയ്യിന്റെ ചൂണ്ടുവിരല്‍കൊണ്ട് വരച്ചുകാണിക്കുമായിരുന്നു അവള്‍....ഞങ്ങള്‍ അവളെന്നൊരാള്‍ ജീവിച്ചിരുന്നതേയില്ല എന്നപോലെ അവളെക്കുറിച്ച് ഒരിക്കല്‍പ്പോലും തമ്മില്‍ത്തമ്മില്‍ പറഞ്ഞില്ല....തോട്ടിറമ്പത്തിരുന്ന് ഇലത്തോണികളേം കടലാസുതോണികളേം ഓഴുക്കിലേയ്‌ക്കെറിഞ്ഞു കൊണ്ട്, പുല്‍പ്പരപ്പിലൂടെ ഓടിനടന്നുകൊണ്ട് ഞങ്ങള്‍  സന്തോഷത്തെ ഉണ്ടെന്നു വരുത്താന്‍ നോക്കി.

അപ്പന്‍ കുറച്ചുകൂടി സൗമ്യനായി. സൂസന്ന അപ്പന്റെ മടീല്‍ക്കയറിയിരിക്കല്‍ പതിവാക്കി. ഞാനും ചിലപ്പോഴൊക്കെ അപ്പനോട് പറ്റിനിന്നു. ഒരുദിവസം അപ്പനെന്റെ മൂടീല്‍ കൈകൊണ്ടു തലോടി. എനിക്കു സഹിക്കാനായില്ല. അപ്പന്റെ തോളില്‍ മുഖം ചേര്‍ത്തുവെച്ച് ഞാന്‍ വിങ്ങിക്കരഞ്ഞു പോയി.
എപ്പഴാ അപ്പാ അവരെ കൊല്ലുന്നത്...ഒരു ദിവസം അപ്പന്റെ മടീല്‍ക്കയറിയിരുന്ന് സൂസന്ന ചോദിച്ചു...എന്റെ മനസ്സൊന്നു പിടഞ്ഞു. അപ്പന്‍ ഒരക്ഷരം മിണ്ടാതെ അവളെ നോക്കി...അപ്പന്റെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് ഞങ്ങളാദ്യമായി കണ്ടു. നീലപ്പാപ്പാത്തി മരിച്ചപ്പോള്‍പ്പോലും അപ്പന് കരയാന്‍ പറ്റീരുന്നില്ല...


No comments: