8 May 2013

പൊട്ടിത്തെറിയുടെ ഏഴാം നാള്‍




ആദ്യ നാള്‍കളില്‍ 
മലമേടുകള്‍ വരെക്കേട്ട 
കടല്‍ നിലവിളി മൂകതയായി
തിരപ്പിടച്ചിലുകളും നിന്നു.
അലകള്‍ ചത്ത പാമ്പുപോലെ 
കടല്‍മേലെ മലച്ചു.

തീപ്പന്തംപോലെ, 
കുപ്പിച്ചില്ലുപോലുടഞ്ഞ്, 
ഒച്ചയാല്‍ തലതകര്‍ന്ന,് 
അകം വെന്ത്, 
അങ്ങനെ പല മരണം.
ഹൃദയം പൊട്ടി മരിച്ചവനേകം.
സ്വയംഹത്യ വരിച്ചവരുമുണ്ട്.

ജീവിച്ചിരുന്നവരേക്കാള്‍ 
എത്രയോ ഭാഗ്യവാന്മാര്‍
മരണപ്പെട്ടവര്‍....

ആറുനാള്‍ ആരും 
മുഖം മുഖം നോക്കിയില്ല 
മിണ്ടിയില്ല, 
ഏഴാം നാള്‍ 
ഏറെ ഉറങ്ങിയതിന്റെ കോട്ടു വായ പോലെ 
ദുര്‍ഗ്ഗന്ധപൂരിതമായ ഒരാസ്ഥാന പ്രഖ്യാപനം 
കോട്ടും സൂട്ടും തൊപ്പിയും വെച്ച്  പതിവുപോലെ 
ഡ്യൂട്ടിപ്പട്ടാളക്കാരുടെ അകമ്പടിയോടെ 
വെളിക്കിറങ്ങി.  

ശവംവെന്തമണവും തോളത്തെടുത്ത് 
ഒരു വയസ്സന്‍ കടല്‍ക്കാറ്റ് 
വലിയ കോടതിന്യയാധിപന്റെ കോണിക്കല്‍ച്ചെന്ന് 
കരിങ്കൊടി നീട്ടി . 
ഉറക്കമുണര്‍ന്നെത്തിയ ദ്വാരപാലകന്‍ അയാളെ
കീറിമുഷിഞ്ഞ കുപ്പായത്തിന്റെ കോളറില്‍പ്പിടിച്ച് 
ഗെയിറ്റിന് പുറത്തേയ്ക്കു തള്ളി.


ഏഴാം നാള്‍ ഒരനുശോചനയോഗം നടന്നു. 
ജീവിച്ചിരിക്കുന്നവരുടെ നേരെ 
മരണപ്പെട്ടലവര്‍ നടത്തിയ അനുകമ്പാ യോഗം. 
കസ്ത്തൂര്‍ബായോടൊപ്പം 
തൊള്ളായിരത്തി മുപ്പതുകളില്‍ നടന്ന 
അതേ വേഗത്തില്‍ നടന്ന് ഗാന്ധി വന്നിരുന്നു

സംസാരിച്ചൊന്നുമില്ല. 
ആരെയും  നോക്കിയതുമില്ല.
ഒരിക്കല്‍ക്കൂടി കടലിലേയ്ക്കിറങ്ങുകയും 
വെടിമരുന്നുമണക്കുന്ന 
ഒരു കുമ്പിള്‍ ഒട്ടുവെള്ളം
കോരിയെടുക്കുകയും ചെയ്തു. 
എന്നിട്ട് പഴകിയ തമിഴില്‍ 
കടല്‍ മരിച്ചു
എന്ന് പിറുപിറുത്തു

ഏഴാം നാള്‍ അന്തിക്ക് 
ചാര നിറമുള്ള മേഘങ്ങള്‍ക്കിടയില്‍ 
കണ്ണുകാണാത്ത ഒരപ്പൂപ്പന്‍ ദൈവത്തെ 
കൈപിടിച്ചു നടത്തുകയായിരുന്ന 
അഷ്ടാവക്രന്‍ എന്നു വിളിപ്പേരുള്ള 
ഒരു കുഞ്ഞു ദൈവം
മുരടിച്ച ഒറ്റവിരല്‍ ഭൂമിക്കു നേരെ ചൂണ്ടി
അങ്ങനെ ഇന്തിയാക്കാരും ഒരൊന്നാം തരക്കാരായി 
അവരാദ്യത്തെ കടല്‍ മരുഭൂമി നിര്‍മ്മിച്ചെടുത്തു 
എന്നു പറഞ്ഞു
കേമന്മാര്‍, 
തമാശപ്രിയനായ അപ്പൂപ്പന്‍ ദൈവം ചിരിച്ചു,
ഹ..ഹ...ഹ..

No comments: