4 May 2013

പാഠലോടകം




ഒഴുക്കെന്നെ പയ്യെപ്പയ്യെ 
നടക്കാന്‍ പഠിപ്പിച്ചു. 
കാറ്റെന്നെക്കയ്യും കയ്യും 
കോര്‍ത്താടാന്‍ പഠിപ്പിച്ചു. 
വെയിലെന്നെയുള്ളാളി-
ക്കത്തുവാനകം വേകാന്‍ 
മധുരിക്കാന്‍ പഠിപ്പിച്ചു,
മതിയാവാന്‍ പഠിപ്പിച്ചൂ.

ഉണരാന്‍ പഠിപ്പിച്ചൂ
പിച്ചകപ്പൂമൊട്ടിറ്റു സുഗന്ധം 
പ്രസരിപ്പിക്കാനുതിരാ-
നുണക്കില,യുറങ്ങാന്‍ 
തൊട്ടാവാടി,യാഴാ-
നിളം വേരുന്നിയുയരാന്‍
ചൈനാമുള, 
മാവ്, മാഹാഗണി... 

ജീവന്റെ രക്തം പിഴി-
ഞ്ഞിറ്റിച്ചാല്‍ ശമിപ്പിക്കാ-
മിതരന്റെ ദുഖം, ദൈന്യം, 
വേദന,മഹാരോഗ-
മെന്നെന്നെപ്പഠിപ്പിച്ചൂ 
തൊടിയില്‍ത്തൊട്ടാവാടി,
തുളസി,യാടലോടകം.

No comments: