അപ്പന് കെട്ട്,
ഏതുമുറുക്കിക്കെട്ടും,
കയറുലയ്ക്കാതഴിച്ചെടുക്കും
ഞാനൊന്നു നോക്കി
പറ്റാഞ്ഞുടനെ
പിച്ചാത്തിയെടുത്തറുക്കും.
അപ്പന് കേറാന്‍ തളപ്പു മതി,
എനിക്ക് അട്ടക്കോണി
പൊക്കിക്കൊണ്ടക്കണം.
ഞാന്‍ തോണ്ടിയെടുക്കും
അപ്പനിറങ്ങിയെടുക്കും
അപ്പന്‍ കോരിയേ കുടിക്കൂ
ഞാന്‍ മുക്കിക്കുടിക്കും.
അപ്പന്റെ കൊട്ടേം മമ്മെട്ടീം
എന്നും ഒരുത്തേലിരിക്കും.
കോലായത്തിണ്ണേല്‍
ഒറ്റയിരിപ്പടയാളം,
അപ്പനെന്നും
അവിടത്തന്നെയമര്‍ന്നതിന്റെ.
പൊടിയരിക്കഞ്ഞീം
മത്തിക്കറീം പൂളപ്പുഴുക്കും
വയറുമുട്ടെത്തിന്നു വീയര്‍ത്തതിന്റെ,
ഏമ്പക്കം വിട്ടതിന്റെ.
അപ്പന്‍ നടന്നതിന്റെയടയാളം
ഒരൊറ്റക്കാലടി വര.
പറമ്പിലങ്ങുമിങ്ങുമൊരു
നീരൊലിപ്പിന്‍ പാടുപോലെ.
വന്‍കണ
വേരുകൊണ്ടു വെള്ളം തിരഞ്ഞപോലെ
മലഞ്ചേര കരിയിലല്‍ക്കൂടി
ഇഴഞ്ഞിഴഞ്ഞു പോയ വടുപോലെ.
വെയ്ക്കാനുമിരിക്കാനും
നില്‍പാനുമുറങ്ങാനും
ഇന്നയിന്നയിടങ്ങളെന്നില്ലാത്തതുകൊണ്ട്
എനിക്കടയാളങ്ങളുമില്ല.
ചോലത്ത് നട്ട്
വെയിലത്തേയ്ക്കു പടര്‍ന്ന
പീറ്റത്തെങ്ങിന്റെ പച്ച,
കായ്പ്, അപ്പനെപ്പഴും.
എനിക്കോ ,
വെയിലു മറഞ്ഞതിന്റെ വിളര്‍ച്ച.
No comments:
Post a Comment